തിരുവനന്തപുരം: 62ആമത് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ട്രാക്കുണർന്നു. മീറ്റിലെ ആദ്യമ ഇനമായ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ 8 മിനിട്ട് 56 സെക്കൻഡിൽ ഒന്നാമനായി ഓടിയെത്തിയ തിരുവനന്തപുരം സായിലെ സൽമാൻ ഫറൂഖ് ആദ്യ സ്വർണം നേടി. കോതമംഗലം മാർ ബേസിൽ സ്കൂളിലെ എൻ.വി. അജിത്ത് (8.58 മിനിട്ട്) വെള്ളിയും സി.എച്ച്.എം.എച്ച്.എസ്.എസിലെ ഇളയവൂരിലെ വിഷ്ണു ബിജു വെങ്കലവും നേടി.
സീനിയർ പെൺകുട്ടികളിൽ കോതമംഗലം മാർ ബേസിലിലെ ആദർശ് ഗോപിക്കാണ് സ്വർണം (8.51 മിനിട്ട്).പാലക്കാട് മാത്തൂർ സ്കൂളിലെ എം.അജിത്ത് ( 9 മി.3.59 സെ.) വെള്ളിയും പാലക്കാട് പറളി എച്ച്.എസ്. എസിലെ പി.ശ്രീരാഗ് (9 മി.64 സെ.) വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ഹോളിഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറയിലെ കെ.പി.സനിക സ്വർണം നേടി. കഴിഞ്ഞവർഷം സ്വർണം നേടിയ പാലക്കാട് കല്ലടി സ്കൂളിന്റെ സി. ചാന്ദ്നിക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കോതമംഗലം മാർ ബേസിലിലെ ബിൽന ബാബുവിനാണ് വെങ്കലം. സീനിയർ പെൺകുട്ടികളിൽ പാലക്കാട് കുമരംപുത്തൂർ എച്ച്.എസ്.എസിലെ എം.പൗർണമി സ്വർണവും നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ പി.എസ് സൂര്യ വെള്ളിയും സായ് തിരുവനന്തപുരത്തിന്റെ മിന്നു പി. റോയ് വെങ്കലവും നേടി.