indonesian-women-police

ജക്കാർത്ത: പൊലീസാവാൻ എന്തൊക്കെ കടമ്പകളാണ്. ടെസ്റ്റെഴുതി ജയിക്കണം. കായികക്ഷമതാ പരീക്ഷ വിജയിക്കണം. ഇതൊക്കെ കഴിഞ്ഞ് ട്രെയിനിംഗും വിജയകരമായി പൂർത്തിയാക്കണം. എന്നാൽ ഇന്തേനേഷ്യയിൽ വനിതാപൊലീസാവണമെങ്കിൽ ഇതുമാത്രം പോര. കന്യകയാണെന്ന് തെളിയിക്കണം.തീർന്നില്ല സുന്ദരികളുമായിരിക്കണം.കന്യകയാണെന്ന് ഡോക്ടർസർട്ടിക്കറ്റ് പോര. പരിശോധിച്ച് ഉറപ്പുവരുത്തും.

പ്രത്യേക വനിതാ ഒാഫീസർമാരെയാണ് പരിശോധനയ്ക്ക് നിയോഗിക്കുന്നത്. എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ച യുവതികളെ ഇരുപതുപേരടങ്ങുന്ന സംഘമായി തിരിക്കും. ഇവരെ പ്രത്യേകമുറിയിൽ എത്തിച്ച് ഒരോരുത്തരെയായി വിരൽകടത്തി പരിശോധിക്കും. എന്തെങ്കിലും സംശയം തോന്നിയാൽ പുറത്താക്കും. അപ്പീൽ നൽകിയിട്ടും കാര്യമില്ല.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇൗ കാടൻ നിയമം മാറ്റാറായില്ലേ എന്നുചോദിച്ചാൽ പൊലീസിലെ ഉന്നതർക്ക് മറുപടിയുണ്ട്- നല്ല കുട്ടികൾ മാത്രം പൊലീസുകാരികളായാൽ മതി.പൊലീസ് നിയമങ്ങളിൽ ഇങ്ങനെയൊന്നില്ലെങ്കിലും ഇന്തോനേഷ്യൻ പൊലീസ് റിക്രൂട്ട്മെന്റിൽ ഇത് ഒഴിച്ചുകൂടാനാവാത്തതാണ്.

വിരൽ കടത്തിയുള്ള പരിശോധനയ്ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളതെന്നും ഇവിടത്തെ പൊലീസിന് ബാധകമല്ല. പരിശോധനയെ വിമർശിച്ച് നിരവധിപേർ രംഗത്തുവന്നുവെങ്കിലും അധികൃതർക്ക് ഒരു കുലുക്കവുമില്ല. പരിശോധനയോട് വനിതകൾക്ക്എതിർപ്പുണ്ടെങ്കിലും നടപടികൾ ഭയന്ന് ആരും പ്രതികരിക്കില്ല.രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്തുന്ന പ്രാകൃത നടപിക്കെതിരെ ഇന്തോനേഷ്യൻ പ്രസിഡന്റിനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ മനുഷ്യവാകാശപ്രവർത്തകർ.