തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ 31,000 കോടിയുടെ നഷ്ടമുണ്ടായതായി ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോർട്ട്. യു.എൻ സംഘത്തിന്റെ പോസ്റ്ര് ഡിസാസ്റ്രർ നീഡ്സ് അസസ്മെന്റ് (പി.ഡി.എൻ.എ) റിപ്പോർട്ട് ഡൽഹിയിലെ യു.എൻ റസിഡന്റ് കോ-ഓർഡിനേറ്റർ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പുനർനിർമാണത്തിന് അന്താരാഷ്ട്രതലത്തിലെ മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കാൻ യു.എൻ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. വിഭവ ലഭ്യത ഉറപ്പാക്കാനും പുനർനിർമാണത്തിന്റെ ആസൂത്രണ, മേൽനോട്ട മേഖലകളിലും സഹായിക്കും. പ്രളയസമയത്ത് സംസ്ഥാനം നടത്തിയ ഇടപെടലുകളെയും സംഘം പ്രശംസിച്ചു. ദ്രുതഗതിയിലും വിവിധ ഏജൻസികളെ ഏകോപിപ്പിച്ചും രക്ഷാപ്രവർത്തനം നടത്തി ധാരാളം ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾ ചുരുങ്ങിയത് 65,000 പേരുടെ ജീവൻ രക്ഷിച്ചു. ചുരുങ്ങിയ സമയത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ച സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഡോ. മുരളി തുമ്മാരുകുടി, ജോബ് സക്കറിയ, ആനി ജോർജ്, രഞ്ജിനി മുഖർജി എന്നിവരും യു.എൻ സംഘത്തിൽ ഉണ്ടായിരുന്നു.
പുനർനിർമ്മിക്കാൻ ചട്ടക്കൂട്
മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ കേരളം നിർമ്മിക്കാൻ നാലു ഘടകങ്ങളുളള നയസംബന്ധമായ ചട്ടക്കൂട് (പോളിസി ഫ്രെയിംവർക്ക്) യു.എൻ മുന്നോട്ടു വച്ചു. സംയോജിത ജലവിഭവ മാനേജ്‌മെന്റ്, പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം, ജനകേന്ദ്രീകൃതമായ സമീപനം, നൂതനസാങ്കേതിക വിദ്യ എന്നിവയാണത്. പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ പുനർനിർമാണ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിഅമ്മ, വി.എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യൻ, ബിശ്വാസ് മേത്ത, ടി.കെ. ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.