personal-makeup
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം

ന്യൂഡൽഹി: പ്രധാമന്ത്രി നരേന്ദ്രമോദിയെ യുവതി മേക്കപ്പ് ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിന്റെ സത്യാവസ്ഥ ഒടുവിൽ കണ്ടെത്തി. സോഫയിൽ ഇരിക്കുന്ന മോദിയുടെ മുഖം ഒരു യുവതി മേക്കപ്പ് ചെയ്ത് സുന്ദരമാക്കുന്ന ചിത്രമായിരുന്നു അത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം വളരെപ്പെട്ടെന്ന് വൈറലാവുകയും ചെയ്തു. മോദി ഒരുമാസം മേക്കപ്പിനുമാത്രമായി പതിനഞ്ചുലക്ഷം രൂപവരെ ചെലവാക്കുന്നുണ്ടെന്ന പോസ്റ്റും ഇതിനോടൊപ്പം പ്രചരിച്ചു. 3700 ഷെയറാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ പോസ്റ്റിന് ലഭിച്ചത്.തുടർന്ന് വാട്ട്സ്ആപ്പിലും മറ്റും ഇൗ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.ചിത്രം സത്യമാണെന്നുതന്നെ ഒട്ടുമിക്കവരും കരുതി.ചിലർ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനും ശ്രമിച്ചു.

പിന്നീടാണ് ചിത്രങ്ങൾ വ്യാജമാണെന്ന് വ്യക്തമായത്. ലോകപ്രശസ്ത മെഴുക് പ്രതിമ മ്യൂസിയം മാദാം തുഷാട്സിൽ സ്ഥാപിക്കാനുള്ള മോദി പ്രതിമയുടെ അവസാനവട്ട മിനുക്കുപണിനടത്തുന്നതിന്റെ ചിത്രമായിരുന്നു ഇത്. ചിത്രത്തിലുള്ളത് മോദിയുടെ മെഴുക് പ്രതിമയാണ്. 2016 ഏപ്രിൽ മാസത്തിലാണ് ഈ മ്യൂസിയത്തിൽ മോദിയുടെ പ്രതിമ സ്ഥാപിച്ചത്. അന്നുനടത്തിയ മിനുക്കുപണിയുടെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആരാണ് ഇതിനുപിന്നിലെന്ന് വ്യക്തമല്ല.