സംസ്ഥാനത്തിന്റെ മുഖച്ഛായ തിരുത്താനുതകുന്ന ദേശീയപാത വികസനം പതിറ്റാണ്ടുകളായി എങ്ങുമെങ്ങുമെത്താതെ നിൽക്കുന്നതിനിടയിലാണ് ഇടക്കാലത്ത് തീരദേശപാത വലിയ പ്രതീക്ഷ പകർന്ന് ബീജാവാപം ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ നിന്നുതുടങ്ങി തീരജില്ലകളിലൂടെ വടക്കൻ അതിർത്തിയായ തലപ്പാടിവരെ 680 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മാണ പദ്ധതിയാണിത്. 6500 കോടി രൂപ ചെലവും കണക്കാക്കി. ഇപ്പോഴത്തെ സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ തീരദേശപാതയ്ക്കും മറ്റ് പല പാതവികസന പദ്ധതികൾക്കും നേരിടുന്ന അതേ ദുര്യോഗം തന്നെ ഉണ്ടായി . റോഡിനാവശ്യമായ സ്ഥലമെടുപ്പുതന്നെയാണ് പ്രധാന കുരുക്ക്. ജനനിബിഡമായ തീരദേശങ്ങളിൽ റോഡിനാവശ്യമായ സ്ഥലം വിട്ടുനൽകാൻ അധികംപേരും തയ്യാറല്ല. കുറഞ്ഞത് പതിനാലുമീറ്ററിലുള്ള പാതയാണ് വേണ്ടത്. നിലവിലുള്ള തീരദേശ പാതകൾ പരമാവധി വികസിപ്പിച്ചും പുതുതായി വേണ്ടിടത്ത് സ്ഥലം ഏറ്റെടുത്തും രണ്ടുവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. പദ്ധതിക്കാവശ്യമായ ഫണ്ട് നൽകേണ്ടത് 'കിഫ്ബി"യാകയാൽ പാത 14 മീറ്ററിൽ കുറയാൻ പാടില്ലെന്ന നിബന്ധനയുണ്ടായി. ഇൗ നിബന്ധനയിൽ തട്ടിയാണ് പദ്ധതി നിലച്ചുപോയത്.

സ്ഥലം ലഭ്യമാവുന്നിടത്ത് 12 മീറ്ററിലും അല്ലാത്തിടത്ത് എട്ടുമീറ്ററിലും പാത നിർമ്മിക്കാനുള്ള പ്രായോഗികമാർഗം മരാമത്തുവകുപ്പ് മുന്നോട്ടുവച്ചെങ്കിലും 'കിഫ്ബി" അതിന്റെ നിബന്ധനയിൽ ഉറച്ചുനിൽക്കുകയായിരുന്നു.

തീരദേശങ്ങളിൽ സ്ഥലമെടുപ്പ് അത്ര എളുപ്പമായ കാര്യമല്ലെന്ന് അറിയാത്തവരല്ല 'കിഫ്ബി ' യുടെ തലപ്പത്തിരിക്കുന്നവർ. ഇപ്പോഴും പണിതുടങ്ങാൻ കഴിയാതെ കിടക്കുന്ന ദേശീയപാതയുടെ ദുർഗതി എല്ലാവരുടെയും മുന്നിലുണ്ട്. തീരദേശപാതയുടെ കാര്യത്തിൽ കുറച്ച് വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും അറിയാം. സ്ഥലലഭ്യത അനുസരിച്ച് ഏവർക്കും സമ്മതമാകുന്ന തരത്തിൽ എത്രയും വേഗം പണി തുടങ്ങേണ്ടതിന് പകരം പതിനാലുമീറ്ററിന്റെ കടുംപിടിയിൽ ഉറച്ചുനിന്നതാണ് വിലപ്പെട്ട രണ്ടുവർഷം നഷ്ടമാകാൻ കാരണം. ഏതായാലും പദ്ധതി വീണ്ടെടുത്ത് പണി ആരംഭിക്കാൻ മരാമത്തുമന്ത്രി മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. പാത കടന്നുപോകുന്ന ജില്ലകളിലെ 44 നിയോജകമണ്ഡലങ്ങളിലെ എം.എൽ.എമാരുടെ യോഗവും ഇതിനായി വിളിച്ചുകൂട്ടിയിരുന്നു. ജനപ്രതിനിധികളുടെ സഹകരണത്തോടെ സ്ഥലമെടുപ്പ് നടപടികൾ ഉൗർജ്ജിതമാക്കും. സ്ഥലം ലഭ്യമായ ഇടങ്ങളിൽ പാത നിർമ്മാണം നടത്താനാണ് തീരുമാനം. ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായമായ വിലയും ഉറപ്പാക്കും. അതുപോലെ പുനരധിവാസവും ആക്ഷേപമില്ലാത്തവിധം നടപ്പാക്കാൻ ധാരണയായിട്ടുണ്ട്.

മരാമത്തുമന്ത്രി ജി. സുധാകരൻ പറഞ്ഞതുപോലെ പാതയുടെ വീതിയുടെ കാര്യത്തിൽ വിട്ടുവീഴ്ച കാണിച്ചിരുന്നുവെങ്കിൽ രണ്ടുവർഷം പാഴാവുകയില്ലായിരുന്നു . നഷ്ടമായത് ഇൗ രണ്ടുവർഷം മാത്രമല്ലെന്ന് ഒാർക്കണം. രണ്ടുവർഷത്തിനിടെ നിർമ്മാണമേഖലയിലുണ്ടായ അധികച്ചെലവ് ഭീമമായ തോതിലാണ് . എല്ലാ നിർമ്മാണ സാമഗ്രികൾക്കും ദുർവഹമായ നിലയിൽ വില കൂടിക്കൊണ്ടിരിക്കുകയാണ്. പലതിനും കടുത്തക്ഷാമവും നേരിടുന്നുണ്ട്. പൊതു ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ സംസ്ഥാനത്ത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. ദേശീയപാതയായാലും തീരദേശ പാതയായാലും സ്ഥലമെടുപ്പിനെച്ചൊല്ലിയാണ് സ്തംഭനത്തിലാകുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് ഏറ്റവും നല്ല വിലയും ഒഴിയേണ്ടിവരുന്നവർക്ക് മികച്ച പുനരധിവാസവും ഉറപ്പാക്കിയാൽ തർക്കം നല്ലൊരളവിൽ പരിഹരിക്കാനാകും. എന്നാൽ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധമുയരുമ്പോഴേക്കും പദ്ധതി അവിടെ ഉപേക്ഷിച്ച് സ്ഥലംവിടുന്ന പ്രവണതയാണ് പൊതുവെ കാണുന്നത്.

തീരദേശപാത നിർമ്മാണ പദ്ധതിക്ക് ഇപ്പോൾ ജീവൻ വച്ചത് ബന്ധപ്പെട്ടവർ തുറന്ന മനസോടെ പ്രശ്നത്തെ സമീപിച്ചതുകൊണ്ടാണ്. പാതയുടെ വീതി സംബന്ധിച്ച് വിട്ടുവീഴ്ചയാകാമെന്ന് കിഫ്ബി സമ്മതിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് സഹകരിക്കാമെന്ന് ജനപ്രതിനിധികളും ഏറ്റു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കാമെന്നും ധാരണയായി. ഇതൊക്കെ നേരത്തെയും ആകാമായിരുന്നു. തീര ഹൈവേ 2022 ൽപൂർത്തിയാക്കാനാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ലക്ഷ്യം ഇനിയും മാറ്റിക്കുറിക്കാൻ ഇടവരുത്താതെ നിർമ്മാണ ജോലികൾ തുടങ്ങണം.

തീരദേശ പാതയ്ക്കൊപ്പം മലയോര ഹൈവേ നിർമ്മാണത്തിനും തുടക്കം കുറിച്ചിരുന്നു. ആലപ്പുഴ ഒഴികെ മറ്റു പതിമൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയൊരു പാതയാകും ഇത്. ഇതും കിഫ്ബി നൽകുന്ന ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ഇതോടൊപ്പം ദേശീയപാത വികസനംകൂടി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ വികസന പാതയിൽ അവ നാഴികക്കല്ലുകളാകും.

എട്ടുവർഷം മുൻപ് തുടക്കമിട്ട കരമന-കളിയിക്കാവിള പാത വികസനം ഇതിനിടെ പൂർത്തിയായത് അഞ്ചര കിലോമീറ്ററാണ്. അഞ്ചുകിലോമീറ്റർകൂടി ഇതിനകം തീരേണ്ടതായിരുന്നു. എന്നാൽ ടെണ്ടറിൽ കുടുങ്ങി ഒരുവർഷമായി ഒന്നും നടക്കുന്നില്ല. പാതവികസനത്തിനാവശ്യമായ സ്ഥലംമുഴുവൻ ഏറ്റെടുത്തിട്ടും പണി തുടങ്ങാൻ കഴിയാത്തത് ചുമതലപ്പെട്ടവർ സമയോചിതമായി പ്രശ്നത്തിൽ ഇടപെടാത്തതുകൊണ്ടാണ്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന ബൈപാസുകളുടെ സ്ഥിതിയും ഇതുപോലൊക്കെത്തന്നെ.ആലപ്പുഴ ബൈപാസിന്റെ പണി രണ്ടുപതിറ്റാണ്ടായി നടക്കുകയാണ്. അഞ്ചുകിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഇൗ ബൈപാസ് വാർത്തയാകാറുള്ളത് പൊതുതിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്. ആലപ്പുഴ ലോക്‌‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വാഗ്‌ദാനമായി അടുത്ത തിരഞ്ഞെടുപ്പിലും അതുണ്ടാകും.