തിരുവനന്തപുരം: ലോഡുകയറ്റി വന്ന ടോറസ് ലോറി റോഡ‌ിൽ അപ്രതീക്ഷിതമായുണ്ടായ ഗർത്തത്തിൽ വീണ് മറിഞ്ഞു. ഇന്നലെ രാവിലെ ഏഴ് മണിയോടെ ഉപ്പിടാമൂട് പാലത്തിൽ നിന്ന് തകരപ്പറമ്പിലേക്ക് തിരിയുന്നിടത്താണ് അപകമുണ്ടായത്. കിഴക്കേകോട്ട ഭാഗത്ത് നിന്ന് വഞ്ചിയൂരിലേക്ക് പോകാൻ മെറ്റൽ കയറ്റി വന്ന ടോറസ് ലോറിയുടെ പിൻചക്രങ്ങളാണ് കുഴിയിൽ താഴ്ന്ന് മറിഞ്ഞത്. ക്രെയിൻ എത്തിച്ചാണ് ലോറി മാറ്റിയത്. ഇതുമൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. റോഡ് ഫണ്ട് ബോർഡിന് വേണ്ടി അഞ്ചു വർഷങ്ങൾക്ക് മുമ്പ് ടി.ആർ.ഡി.സി.എല്ലാണ് റോഡ് നിർമ്മിച്ചത്. റോഡിന്റെ അറ്രകുറ്റപ്പണിയുടെ ചുമതലയും ടി.ആർ.ഡി.സി.എല്ലിന് തന്നെയാണ്.

റോഡിലൂടെ വാഹനം ഓടിക്കൊണ്ടിരിക്കെ പെടുന്നനെ റോഡിൽ വൃത്താകൃതിയിൽ ഭീമൻ കുഴിയുണ്ടായത് 'സിങ്ക് ഹോൾ' എന്ന പ്രതിഭാസം കാരണമാണെന്ന് സംശയിക്കുന്നതായി ട്രിവാൻഡ്രം റോഡ്സ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് (ടി.ആർ.ഡി.സി.എൽ.) പ്രതിനിധി അനിൽകുമാർ പണ്ഡാല പറയുന്നു. എങ്ങനെയാണ് റോഡിൽ ഗർത്തമുണ്ടായതെന്ന് കണ്ടെത്തുന്നതിനായി ടി.ആർ.ഡി.സി.എൽ. പ്രതിനിധികൾ പരിശോധനകൾ നടത്തി. ഗ‌ർത്തം രൂപപ്പെട്ട ഭാഗത്ത് മണ്ണിടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുകയാണ്.മൂന്നു മീറ്റർ വരെ അധിക‌ൃതർ താഴേക്ക് കുഴിച്ച് നോക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിങ്ക് ഹോൾ പ്രതിഭാസമാണിതെന്ന് സംശിയിക്കുന്നത്.