അങ്കാറ: പ്രധാന റോഡിലെ നടപ്പാത ഇടിഞ്ഞ്താഴ്ന്ന് യുവതികൾ ഉള്ളിൽക്കുടുങ്ങി. തുർക്കിയിലെ ദിയാർബക്കിർ നഗരത്തിൽ ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഒാടയുടെ മുകളിൽ പണിതിരുന്ന നടപ്പാതയാണ് ഇടിഞ്ഞുതാഴ്ന്നത്.
രണ്ട് യുവതികൾ കാര്യംപറഞ്ഞ് നടന്നുവരുന്നതോടെയാണ് വീഡിയാേ ആരംഭിക്കുന്നത്. ഫുട്പാത്തിലെ ഒരിടത്തെത്തുമ്പോൾ യുവതികൾ നിൽക്കുന്നിടം വലിയശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. ഇരുവരും അഗാധഗർത്തത്തിലേക്ക് പതിച്ചു. സമീപത്തുണ്ടായിരുന്നവർ ഒാടിയെത്തിയെങ്കിലും അഴുക്കുചാലിന് ഏറെ ആഴമുണ്ടായിരുന്നതിനാൽ ഒന്നുംചെയ്യാനായില്ല. ഒടുവിൽ രക്ഷാപ്രവർത്തകർ എത്തി ഏറെ കഷ്ടപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇരുവർക്കും നിസ്സാരപരിക്കുമാത്രമാണ് ഏറ്റത്. തുർക്കി പൊലീസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.