വാഷിംഗ്ടൺ: വിധിപ്രസ്താവം കേട്ട് കോടതിയിൽ നിന്ന് ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഒാടിച്ചിട്ടുപിടിച്ചു. വാഷിംഗ്ടണിലെ വിൻലോക്കിലായിരുന്നു സംഭവം. അമേരിക്കയിലെ ഒരു വാർത്താ ചാനൽ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ടാന്നർ ജേക്കബ്സൻ, ഹവാർഡ് എന്നിവരായിരുന്നു പ്രതികൾ.തലേദിവസം വിചാരണ പൂർത്തിയായിരുന്നതിനാൽ കോടതി തുടങ്ങിയ ഉടൻതന്നെ ജഡ്ജി വിധി പറഞ്ഞു. വിധികേട്ട് അക്ഷാേഭ്യരായി നിന്ന ഇരുവരും അപ്രതീക്ഷിതമായി കോടതിമുറിയിൽ നിന്ന് ഇറങ്ങി ഒാടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ആരും അടുത്തില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു ഒാട്ടം.
ഒരുനിമിഷം അന്തിച്ചുപോയെങ്കിലും പ്രതികൾ ഓടുന്നത് കണ്ട ജഡ്ജി കോട്ടഴിച്ചുവച്ച് പിന്നാലെ പാഞ്ഞു. പടിക്കെട്ട് ഇറങ്ങുന്നതിനിടെ ഒരാളെ ജഡ്ജി പിടിച്ചു. മറ്റൊരാളെ കോടതിവളപ്പിലുണ്ടായിരുന്ന പൊലീസുകാർ പിടികൂടി. പിന്നീട് കനത്ത സുരക്ഷയിലാണ് ജയിലിലാക്കിയത്.
കോടതിയിൽ നിന്ന് ഇരുവരും ഇറങ്ങിയോടുന്നത് രണ്ടാമത്തെ പ്രാവശ്യമാണ്. വൻ തുകയാണ് പിഴചുമത്തിയിരിക്കുന്നത്. എന്തായാലും പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.