benyamin

ന്യൂഡൽഹി:ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ( 25 ലക്ഷം രൂപ) ഉള്ള ജെ.സി.ബി സാഹിത്യ പുരസ്‌കാരം പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമിന് സമ്മാനിച്ചു. ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷന്റെ ആദ്യ അവാർഡാണിത്.

അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവ ഉൾപ്പെട്ട നോവൽ ദ്വയത്തിലെ മുല്ലപ്പൂനിറമുള്ള പകലുകളുടെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്‌മിൻ ഡേയ്സ് ആണ് പുരസ്‌കാരം നേടിയത്. പരിഭാഷക ഷഹനാസ് ഹബീബിന് അഞ്ചു ലക്ഷം രൂപ വേറെ ലഭിക്കും.അമേരിക്കൻ മലയാളിയായ ഷഹനാസ് ദ ന്യൂസ് സ്‌കൂൾ ആൻഡ് ബേ പാത്ത് യൂണിവേഴ്‌സിറ്റിയിൽ ക്രിയാത്മക രചന വിഭാഗം അദ്ധ്യാപികയാണ്.

പ്രമുഖ കൺസ്‌ട്രക്‌ഷൻ ഗ്രൂപ്പായ ജെ.സി.ബി ഈ വർഷം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. ഇന്ത്യൻ എഴുത്തുകാർ ഇംഗ്ലീഷിൽ എഴുതിയതും പ്രാദേശിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തതുമായ പുസ്തകങ്ങളാണ് പരിഗണിക്കുന്നത്.

ഷോർട്ട് ലിസ്റ്റിൽ വന്ന പെരുമാൾ മുരുകന്റെ 'പൂനാച്ചി ( ഓർ ദ സ്റ്റോറി ഒഫ് എ ബ്ലാക് ഗോട്ട് )​ ', ശുഭാംഗി സ്വരൂപിന്റെ 'ലാറ്റിറ്റ്യൂഡ് ഓഫ് ലോംഗിംഗ്', അമിതാഭ ബാഗ്ച്ചിയുടെ ' ഹാഫ് ദ നൈറ്റ് ഈസ് ഗോൺ', അനുരാധ റോയിയുടെ 'ആൾ ദ ലൈവ്സ് വി നെവർ ലിവ്‌ഡ്' എന്നീ പുസ്തകങ്ങളെ പിന്തള്ളിയാണ് ബെന്യാമിൻ പുരസ്‌ക്കാരം നേടിയത്. ഈ പുസ്തകങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും.

2011ൽ പശ്ചിമേഷ്യയിൽ കൊടുങ്കാറ്റ് വിതച്ച ജനകീയ വിപ്ലവമായ അറബ് വസന്തത്തിന്റെ ( മുല്ലപ്പൂ വിപ്ലവം )​ പശ്ചാത്തലത്തിലുള്ള നോവലാണ് മുല്ലപ്പൂ മണമുള്ള പകലുകൾ. ഒരു പശ്ചിമേഷ്യൻ നഗരത്തിൽ റേഡിയോ ജോക്കിയായ സമീറ പർവീൺ എന്ന പാകിസ്ഥാനി യുവതിയുടെ ജീവിതം വിപ്ലവത്തിൽ ഉലയുന്നതാണ് പ്രമേയം.

ദീർഘകാലം ഗൾഫിൽ പ്രവാസിയായിരുന്ന പത്തനംതിട്ട സ്വദേശിയായ ബെന്യാമന്റെ 'ആട് ജീവിതം' എന്ന വിഖ്യാത നോവൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇരുപതിലേറെ പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്.