കിളിമാനൂർ: കിളിമാനൂർ ഗവ. ടൗൺ യു.പി സ്കൂളിൽ കുരുന്നുകൾ സംഘടിപ്പിച്ച നാടൻ ഭക്ഷ്യമേളയും കാർഷിക വിളകളുടെ പ്രദർശനവും കൗതുക കാഴ്ചയായി. ആഹാരത്തിലൂടെ ആരോഗ്യം എന്ന സന്ദേശം ഉയർത്തിയാണ് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുളള കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വിവിധ രുചിക്കൂട്ടുകളിൽ കൊതിയൂറും വിഭവങ്ങളൊരുക്കിയത്. നാടൻ ഉല്ലന്നങ്ങളിൽ തയ്യാറാക്കിയ പലഹാരങ്ങൾ, പായസങ്ങൾ, അച്ചാറുകൾ, ജ്യൂസ്, ജാം, സ്ക്വാഷ്, വിവിധ കറികൾ, കിഴങ്ങ് വിഭവങ്ങൾ എന്നിവ ഒരുക്കിയിരുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയറു വർഗങ്ങൾ, ധാന്യങ്ങൾ, നാണ്യവിളകൾ എന്നിവയും മേളയെ സമ്പന്നമാക്കി. രോഗങ്ങൾ സമ്മാനിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും കുട്ടികളെ അകറ്റി നാടൻ ഭക്ഷണ സംസ്കാരത്തിലേക്കും കാർഷിക വൃത്തിയിലേക്കും നയിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് മേളയിലൂടെ സാർത്ഥകമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.