ആറ്റിങ്ങൽ: നിയമക്കുരുക്ക് കാരണം 15 വർഷത്തിലധികമായി റോഡരികിൽ കിടക്കേണ്ടി വന്ന ബസിന് പൊതുമരാമത്ത് വകുപ്പ് ശാപമോക്ഷം നൽകി.ആറ്റിങ്ങൽ കൊട്ടാരം റോഡിൽ ആവണീശ്വരം ക്ഷേത്രത്തിന് മുൻവശത്ത് കൊട്ടാരം ആശുപത്രിയുടെ സമീപത്തായി നിർത്തിയിട്ടിരുന്ന ബസാണ് കഴിഞ്ഞ ദിവസം അധികൃതർ നീക്കം ചെയ്തത്. വാർഡ് കൗൺസിലർ ആർ.എസ്. പ്രശാന്ത് നടത്തിയ ഇടപെടലുകളെ തുടർന്നാണ് ബസ് പൊളിച്ച് നീക്കി റോഡിലെ തടസം ഒഴിവാക്കിയത്.
സർവീസ് ബസ് ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് വർഷത്തിലധികമാകുമെന്ന് നാട്ടുകാർ പറയുന്നു. അപകടം സംബന്ധിച്ച ചില നിയമപ്രശ്‌നങ്ങളെത്തുടർന്നായിരുന്നു ഇത് നീക്കാൻ ഉടമയ്ക്ക് കഴിയാതിരുന്നത്. പിന്നീട് ആരും ഈ ഭാഗത്തേയ്ക്ക് വരികയോ ബസ് കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്തില്ല. ചെറിയ റോഡിൽ ഈ ബസ് നിർത്തിയിട്ടതോടെ ഇവിടെ അപകടക്കെണിയായി. വാഹനങ്ങൾ തിരിക്കുമ്പോൾ ഓടയിൽ വീണ് അപകടങ്ങൾ പതിവായി. പലപ്പോഴും ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളുണ്ടായില്ല.
വാർഡ് കൗൺസിലർ പ്രശാന്ത് പൊതുമരാമത്ത് വകുപ്പധികൃതരുമായി ബന്ധപ്പെടുകയും പഴകി ദ്റവിച്ചുകിടക്കുന്ന ബസ് നാട്ടുകാർക്കും യാത്രക്കാർക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് അധികൃതരെത്തി ബസ് പൊളിച്ച് നീക്കാൻ തീരുമാനമെടുത്തത്.