തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ശിശുദിനറാലിയും പൊതുസമ്മേളനവും നയിക്കുന്നതിനുള്ള പ്രധാനമന്ത്രിയായി ദേവകിയെ തിരഞ്ഞെടുത്തു. കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവകി.
ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി എസ്. സ്നേഹയാണ് പുതിയ രാഷ്ട്രപതി. ഫോർട്ട് ഗേൾസ് മിഷൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി എസ്. ദിവ്യലക്ഷ്‌മിയെ കുട്ടികളുടെ സ്‌പീക്കറായും തിരഞ്ഞെടുത്തതായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക് അറിയിച്ചു. വെള്ളായണി ക്ഷേത്രത്തിന് സമീപം ഷൈഷ നിവാസിൽ ബി. ഷാബുവിന്റെയും ദീപ്‌തിയുടെയും മകളാണ് ദേവകി. പേയാട് പള്ളിമുക്ക് ഹരിശ്രീയിൽ കെ.എസ്.ഹരികുമാറിന്റെയും ശ്രീലേഖ തമ്പിയുടെയും മകളാണ് സ്നേഹ. ശ്രീവരാഹം നവമി ഗാർഡൻസ് ലക്ഷ്മി നാരായണയിൽ എൻ.ബി.സന്തോഷിന്റെയും സുഷമ എസ്.പണിക്കരുടെയും മകളാണ് ദിവ്യലക്ഷ്മി. കുട്ടികളുടെ പൊതുസമ്മേളനം നിശാഗന്ധിയിൽ 14ന് രാവിലെ 11ന് നടത്തും.ഹോളി എഞ്ചൽസ് സി.ബി.എസ്.ഇ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി എച്ച്. ശ്രേയ നായർ, നെടുമങ്ങാട് ദർശന എച്ച്.എസ്.എസിലെ അമീന ഷാജുദ്ദീൻ പ്രസംഗിക്കും. 14ന് 9.30ന് മ്യൂസിയത്ത് നിന്ന് കനകക്കുന്നിലേക്കാണ് ശിശുദിനറാലി. 13ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന സർഗസംഗമവും നടത്തുമെന്ന് ദീപക് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.