തിരുവനന്തപുരം: സാനു മാഷ് എഴുതുകയാണ്. സാഹിത്യത്തിലും ജീവിതത്തിലും നിലപാടുകളിൽ കാർക്കശ്യക്കാരനായ പി. കേശവദേവിനെ കുറിച്ച്. പ്രായം 90 പിന്നിട്ട ശേഷം മാഷിന്റേതായി ആദ്യം പുറത്തിറങ്ങുന്ന പുസ്തകം ഇതായിരിക്കും.
ഇന്നാണ് എം.കെ. സാനുവിന് തൊണ്ണൂറു തികയുന്നത്. ഇന്നു നടക്കുന്ന വയലാർ സാഹിത്യ അവാർഡ് സമർപ്പണത്തിന് തലസ്ഥാനത്തെത്തിയ മാഷ് പുസ്തക രചനയെ കുറിച്ച് പറഞ്ഞു. "മനുഷ്യനെയും അവന്റെ വേദനയെയും ഉള്ളിലേക്ക് സ്വാംശീകരിച്ചാണ് ദേവ് ഓരോന്നും എഴുതിയത്. ഏതു തലമുറയ്ക്കും ആസ്വദിക്കാൻ കഴിയുന്ന രചനകൾ. ഓടയിൽ പോലും ജീവിതം കണ്ടെത്തി. പിന്നെ തെറ്റെന്ന് തോന്നിയതിനെയൊക്കെ എതിർത്തു. ഇതൊക്കെയാണ് ദേവ്. ഇതിനപ്പുറത്തും ഒരു കേശവദേവുണ്ട്. അതും പുസ്തകത്തിലുണ്ടാകും. എഴുത്ത് പകുതിയേ ആയിട്ടുള്ളൂ. ഉടൻ പൂർത്തിയാക്കണമെന്നാണാഗ്രഹം".
ഇത് പൂർത്തിയായി കഴിഞ്ഞാൽ പിന്നെ തന്നെ കുറിച്ച് തന്നെ എഴുതാനാണ് ആലോചയെന്ന് മാഷ് പറഞ്ഞു. കർമ്മഗതിയെന്ന പേരിൽ മാഷിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതാണ്. അതിൽ എഴുതാൻ വിട്ടു പോയതും കൂട്ടിച്ചേർക്കേണ്ടതുമായ കാര്യങ്ങളാണ് ഇനി എഴുതുക. ജീവിതത്തിന്റെ ബാക്കിപത്രമായിരിക്കും അത് - അദ്ദേഹം പറഞ്ഞു.
ബന്ധുവീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിലൊതുങ്ങും സാനു മാഷിന്റെ ഇന്നത്തെ ജന്മദിനാഘോഷം.
ദേവിന്റെ ആ വാക്കുകൾ
'രണ്ടു കൈയിലും വാളെടുത്തു പോരാടിയാണ് ഞങ്ങൾ പൊതുജീവിതത്തിൽ കടന്നു വന്നത്. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും പോരാടി സാഹിത്യത്തിൽ നിന്ന് രാജാക്കൻമാരെയും പ്രഭുക്കൻമാരെയും കുടിയൊഴിപ്പിച്ചു. അവരുടെ സ്ഥാനത്ത് തൊഴിലാളികളെയും അധഃസ്ഥിതരെയും തെണ്ടികളെയും മാന്യമായ ആസനങ്ങളിലിരുത്തി ആദരിച്ചു.
(ഒരിക്കൽ എം.കെ. സാനുവിന്റെ ആതിഥ്യം സ്വീകരിച്ച് തകഴിയും ദേവും എത്തിയപ്പോൾ ആധുനികതയെ വിമർശിച്ച് കേശവദേവ് പറഞ്ഞ വാക്കുകൾ - സാനു മാഷിന്റെ ആത്മകഥയിൽ നിന്ന്)