കല്ലമ്പലം : നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ ചാർജെടുക്കാനെത്തിയ സെക്രട്ടറി പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത പ്രതിഷേധത്തെയും പ്രസിഡന്റിന്റെ ആത്മഹത്യാഭീഷണിയെയും തുടർന്ന് ചാർജെടുക്കാനാകാതെ മടങ്ങി. ആരോപണവിധേയ ആയതിനെ തുടർന്ന് പഞ്ചായത്തിൽ നിന്ന് രണ്ടു വർഷം മുൻപ് സ്ഥലംമാറിപ്പോയ സെക്രട്ടറി വീണ്ടും തിരിച്ചുവന്നതിലും അടിക്കടി സെക്രട്ടറിമാർ മാറുന്നത് വികസനം മുരടിപ്പിക്കുമെന്നും പറഞ്ഞാണ് കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്തിൽ സെക്രട്ടറിയെ തടഞ്ഞത്.
സംഘർഷത്തെ തുടർന്ന് കല്ലമ്പലം പൊലീസിന്റെ നേതൃത്വത്തിലുള്ള വൻ സംഘം സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30 നാണ് സംഭവങ്ങളുടെ തുടക്കം. സെക്രട്ടറി എത്തിയതോടെ പ്രസിഡന്റ് കെ. തമ്പി സെക്രട്ടറിയുടെ മുറിയിൽക്കയറി കതകടച്ചു. മേശയ്ക്ക് മുകളിൽ കയറി കസേരയിട്ട് സീലിംഗിൽ കേബിൾവയർ കുരുക്കി കഴുത്തിലിട്ട് ആത്മഹത്യാഭീഷണിയായതോടെ സംഗതി കടുത്തു. പാഞ്ഞെത്തിയ പൊലീസും പഞ്ചായത്ത് അംഗങ്ങളും കതക് ബലംപ്രയോഗിച്ച് തുറന്ന് പ്രസിഡന്റിനെ അനുനയിപ്പിച്ച് താഴെയിറക്കിയതോടെയാണ് സംഭവങ്ങൾക്ക് അയവുവന്നത്. സെക്രട്ടറിയെ മാറ്റാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന നിലപാടിൽ പഞ്ചായത്തിലെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ഉറച്ചു നിന്നു. അതോടെ പൊലീസും പ്രതിസന്ധിയിലായി .ഒടുവിൽ സെക്രട്ടറി മേലുദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം മടങ്ങുകയും ചെയ്തു. മൂന്നു വർഷത്തിനുള്ളിൽ നാവായിക്കുളം പഞ്ചായത്തിൽ ചാർജെടുത്തത് പത്തോളം സെക്രട്ടറിമാരാണ്. ഇതിൽ ചിലർ ജോലിനോക്കിയത് ഏതാനും മാസം മാത്രം. രണ്ടു മാസം മാത്രം ജോലിയിലിരുന്നവരുമുണ്ട്. മാസങ്ങളോളം സെക്രട്ടറിയില്ലാതെ പഞ്ചായത്ത് ഭരണം പ്രതിന്ധിയിലായത് വാർത്തയായിരുന്നു. ഇവയെല്ലാം വികസനമുരടിപ്പിനിടയാക്കിയതായി ഭരണസമിതി ആരോപിക്കുന്നു. ഇതിനു പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണെന്നും ആക്ഷേപമുണ്ട്. ഇത്തരം നടപടികളിലൂടെ പഞ്ചായത്തിന്റെ വിലപ്പെട്ട സമയം നഷ്ടമായതായും പദ്ധതി ആസൂത്രണങ്ങൾ അവതാളത്തിലായെന്നും പെൻഷൻ വിതരണം, വാർഷിക പദ്ധതി നിർവഹണം, വികസനപ്രവർത്തനങ്ങൾ എന്നിവയെല്ലാം അവതാളത്തിലായെന്നും ഭരണസമിതി ചൂണ്ടിക്കാട്ടുന്നു.