കുളത്തൂർ: നാളുകളായി മുടങ്ങിക്കിടന്ന കഴക്കൂട്ടം - മുട്ടത്തറ സ്വിവറേജ് ലൈൻ പദ്ധതി പുനരാരംഭിക്കുന്നു. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഇതോടെ നഗരത്തോട് ചേർന്നുകിടക്കുന്ന കഴക്കൂട്ടം, ശ്രീകാര്യം, കുളത്തൂർ, കടകംപള്ളി തുടങ്ങിയ പഴയ പഞ്ചായത്ത് പ്രദേശങ്ങളുൾപ്പെടുന്ന കഴക്കൂട്ടം മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ഗാർഹിക - കക്കൂസ് മാലിന്യ സംസ്കരണ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. വർഷങ്ങൾക്ക് മുൻപ് ജൻറം പദ്ധതിയിലുൾപ്പെടുത്തി സ്വിവറേജ് ലൈൻ സ്ഥാപിക്കാൻ നഗരസഭ നടപടിയെടുത്തിരുന്നെങ്കിലും ചിലയിടങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കഴക്കൂട്ടം മുതൽ ആക്കുളം വരെ തെറ്റിയാർ തോടിന് സമാന്തരമായാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. ടെക്നോപാർക്കിനുള്ളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും തെറ്റിയാറിലേക്ക് കക്കൂസ് മാലിന്യം തുറന്നുവിടുന്നെന്ന വ്യാപക പരാതികൾക്ക് ഇതോടെ പരിഹാരമാകും. കുളത്തൂർ, കരിമണൽ, ആക്കുളം, ഇടത്തറ, ഉള്ളൂർ, കരിക്കകം, ശാന്തിനഗർ എന്നിവിടങ്ങളിൽ പമ്പിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും. പൈപ്പിടൽ ജോലികളുടെ നിർമ്മാണോദ്ഘാടനം കുളത്തൂർ വാർഡിലെ കരിമണലിൽ കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചിരുന്നു. പമ്പിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.

അനുവദിച്ച തുക

കുളത്തൂർ അരശുംമൂട് - കരിമണൽ സ്വിവറേജ് ലൈൻ പദ്ധതിക്ക് 1.82 കോടി

കുഴിവിള- ആക്കുളം വരെ 15.08 കോടി

ടെക്നോപാർക്ക് മൂന്നാംഘട്ടത്തിന് - 9.80 കോടി

പുലയനാർകോട്ട- മുട്ടത്തറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ്- 49.96 കോടി

 മെഡിക്കൽ കോളേജിന് മാത്രമായുള്ള പുതിയ സ്വിവറേജ് സംവിധാനത്തിന് 19.16 കോടി

പ്രവർത്തനം ഇങ്ങനെ

ആദ്യം വിവിധ സ്ഥലങ്ങളിൽ നിന്ന് പൈപ്പ് ലൈൻ വഴി പമ്പിംഗ് സ്റ്റേഷനുകളിലേക്ക് എത്തിക്കുന്ന മാലിന്യം തുടർന്ന് മുട്ടത്തറയിലെ പ്ലാന്റിലേക്കെത്തിക്കും. മുട്ടത്തറയിൽ നിലവിൽ ഒരു ദിവസം 107 മില്യൺ ലിറ്റർ (എം.എൽ.ഡി ) മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് ഉണ്ടെങ്കിലും ഇപ്പോൾ 40 എം.എൽ.ഡി മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ. പുതിയ ഡ്രെയിനേജ് ലൈനിലേക്ക് ഗാർഹിക കണക്‌ഷനുകളും ലഭ്യമാകുമെന്നതിനാൽ നാട്ടുകാർക്കും പദ്ധതി ഏറെ അനുഗ്രഹമായിത്തീരും. കിണറും സെപ്ടിക് ടാങ്കുകളും തമ്മിലുള്ള അകലം ഒഴിവാക്കപ്പെടുന്നതോടെ ഗൃഹ നിർമ്മാണത്തിന് കൂടുതൽ സൗകര്യമാകും.

 ഒന്നാം ഘട്ട പ്രവർത്തനം തുടങ്ങി
ഐ.ടി നഗരത്തിലെ മാലിന്യ നീക്കം ത്വരിതപ്പെടുത്തും
 ഗാർഹിക കണക്‌ഷനുകൾ അനുവദിക്കുന്നതിലൂടെ സെപ്ടിക് ടാങ്കുകൾ ഒഴിവാകും
 ഫ്ളാറ്റുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഏറെ പ്രയോജനം

 പദ്ധതി തുക 115 കോടി

 നിർമ്മാണം പൂർത്തിയാകുന്നത് -2020 മാർച്ച് 31ന് മുമ്പ്

 പൈപ്പുകൾ സ്ഥാപിക്കുന്നത് - 6 - 10 മീറ്റർ വരെ താഴ്ചയിൽ