തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കാൻ സി.ബി.ഐയെ മോദി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐയുടെ നിഷ്പക്ഷതയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ സി.ബി.ഐ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ബി.ഐയുടെ പേര് എം.ബി.ഐ ആക്കി മാറ്റിയിരിക്കുകയാണ്. അതായത് മോദി ബ്യൂറോ ഇൻവെസ്റ്റിഗേഷൻ എന്ന്. നിർണായകമായ ഏഴ് കേസുകളിൽ തീരുമാനം എടുക്കാനുള്ള സമയത്താണ് അലോക് വർമ്മയെ മാറ്റിയത്. ഏഴു കേസുകളാണ് സി.ബി.ഐ ഡയറക്ടറുടെ പരിഗണനയിലുള്ളത്. ഇതിൽ തുടരന്വേഷണം ഒഴിവാക്കുകയാണ് ലക്ഷ്യം. റിലയൻസ് ഡിഫൻസ് എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 30,000 കോടി രൂപയുടെ നേട്ടമുണ്ടാക്കാൻ നടത്തിയ അഴിമതിയുടെ കേസ് സി.ബി.ഐ ഡയറക്ടറുടെ പരിഗണനയിലുണ്ട്. ഇതൊഴിവാക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
അർദ്ധരാത്രിയുടെ മറവിൽ സി.ബി.ഐ ഡയറക്ടറെ മാറ്റാൻ മോദിക്ക് ആര് അധികാരം നൽകി. ഈ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യ രാജ്യത്തിന് അപമാനവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ടി. ശരത്ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ, നേതാക്കളായ പാലോട് രവി, വർക്കല കഹാർ, പന്തളം സുധാകരൻ എന്നിവർ നേതൃത്വം നൽകി. പൊന്നറ ശ്രീധർ പാർക്കിന് സമീപത്തു നിന്നും ആരംഭിച്ചു ജാഥ സി.ബി.ഐ ആസ്ഥാനത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.