മുടപുരം: മഞ്ചാടിമൂട് കോളിച്ചിറ റോഡിലൂടെ സഞ്ചരിച്ചാൽ നടുവൊടിയുമെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങളായി ടാറും മെറ്റലും ഇളകി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഈ റോഡ് ഉടൻ റീടാർ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
അഴൂർ ഗ്രാമപഞ്ചായത്തിലെ ഈ റോഡ് 2012 -ൽ പി.ഡബ്ലിയു.ഡി ഫണ്ട് ഉപയോഗിച്ചാണ് ടാർ ചെയ്തത്. രണ്ടര കിലോമീറ്റർ ദൂരമുള്ള ഈ റോഡ് ടാർ ചെയ്യാൻ 57 ലക്ഷം രൂപ ചെലവഴിച്ചു. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. റോഡിന്റെ മിക്കയിടത്തും കുഴികൾ രൂപപ്പെട്ടു. മഴപെയ്താൽ ഗട്ടറുകളിൽ വെള്ളം നിറഞ്ഞു കിടക്കുന്നത് അപകടങ്ങൾക്കും കാരണമാവുകയാണ്.
കയർ സൊസൈറ്റി ജംഗ്ഷനിൽ റോഡ് പാടെ തകർന്ന അവസ്ഥയിലാണ്. പകൽ വീട്, വിജ്ഞാൻ ഭവൻ, കയർ സംഘം, പാൽസംഭരണ കേന്ദ്രം, വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്ക്, നിരവധി ക്ഷേത്രങ്ങൾ തുടങ്ങിയവ ഈ റോഡിന് സമീപം സ്ഥിതി ചെയ്യുന്നു. 12 ലേറെ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
ചിറയിൻകീഴ് നിന്ന് കോളിച്ചിറ - മഞ്ചാടിമൂട് വഴിയുള്ള ഈ റോഡ് ചിറയിൻകീഴ് നിന്നും തിരുവനന്തപുരത്തേക്ക് പോകുവാനുള്ള ദൂരം കുറഞ്ഞ റോഡുകൂടിയാണ്. അതിനാൽ ഈ റോഡ് റീടാർ ചെയ്ത് പുതുക്കി പണിയുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.