തിരുവനന്തപുരം : കായികമേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ലോംഗ്ജമ്പിൽ പൊന്നണിഞ്ഞത് മലപ്പുറം കടക്കശ്ശേരി സ്‌കൂളിലെ പ്രഭാവതി.പി.എസാണ്. മറ്റുള്ളവരുടെ സ്വർണ്ണ നേട്ടം പോലെയല്ല പ്രഭാതിയ്ക്ക് ഇത്. തന്റെ കയ്യിൽ നിന്ന് കൂട്ടുകാരികൾ തട്ടിയെടുത്ത സ്വർണ്ണം വർഷങ്ങൾക്ക് ശേഷം തിരികെ വാങ്ങിയപ്പോൾ അത് മധുരപ്രതികാരം കൂടിയായി. 2014ൽ സബ് ജൂനിയർ വിഭാഗത്തിൽ പ്രഭാവതി ആദ്യമായി ലോംഗ് ജമ്പിൽ മത്സരത്തിനിറങ്ങി സ്വർണം നേടിയെങ്കിലും പിന്നീടിങ്ങോട് കൂട്ടുകാരികൾ അത് തട്ടിയെടുത്തു.
ഇക്കുറി രണ്ടാം സ്ഥാനത്തെയത് കഴിഞ്ഞ വർഷത്തെ (2017) ജൂനിയർ വിഭാഗം സ്വർണ്ണ ജേതാവ് മാതിരപ്പള്ളി എം.എ കോളേജ് സ്‌പോർട്സ് ഹോസ്റ്റലിലെ വിദ്യാർത്ഥിയായ സാന്ദ്ര ബാബുവാണ്. മൂന്നാം സ്ഥാനത്തെത്തിയത് ഇതിന് മുന്നിലെ വർഷം (2016) സ്വർണ്ണം നേടിയ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആൻസി സോജനുമായിരുന്നു.
2016ൽ ആൻസി സ്വർണ്ണവും പ്രഭാവതി മൂന്നാം സ്ഥാനവും നേടി. സാന്ദ്ര പക്ഷേ അഞ്ചാം സ്ഥാനത്തായിരുന്നു. 2017 ൽ സാന്ദ്ര സ്വർണ്ണവും ആൻസി വെള്ളിയും പ്രഭാവതി വെങ്കലവും നേടി. ഈ വർഷവും ഇവർ മൂന്നുപേരും ചേർന്ന് ലോംഗ്ജമ്പിലെ ആദ്യ മൂന്ന് മെഡലുകൾ പങ്കുവച്ചു. 2014ൽ പ്രഭാവതി ആദ്യ സ്വർണം നേടിയപ്പോൾ വെങ്കലം ആൻസിക്കായിരുന്നു. 2015ൽ പ്രഭാവതി വെങ്കലം നേടി. ഓരോ വർഷവും തമ്മിൽ തമ്മിൽ ശ്കതമായ പ്രതീക്ഷിച്ചു തന്നെയാണ് മേളക്കെത്തുന്നത് മൂവരും പറഞ്ഞു. പ്രഭാവതി ഇന്ന് 100 മീറ്ററിലും ട്രിപ്പിൾ ജമ്പിലും മത്സരിക്കും. ആദ്യമായാണ് 100 മീറ്ററിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ട്രിപ്പിൾ ജമ്പിൽ നേടിയ വെള്ളി ഇക്കുറി സ്വർണമാക്കുമെന്ന പ്രതീക്ഷയുമുണ്ട്. നദീഷ് ചാക്കോയാണ് പരിശീലകൻ. മലപ്പുറം വെളിയങ്കോട് പന്തായിൽ ഹൗസിൽ കൂലി പണിക്കാരനായ സുരേഷിന്റെയും ജയന്തിയുടെയും നാലു പെൺമക്കളിൽ ഏറ്റവും ഇളയവളാണ് പ്രഭാവതി.