തിരുവനന്തപുരം : 'തോക്കിനും ലാത്തിക്കും' തച്ചുടയ്ക്കാൻ കഴിയുന്നതല്ല ശബരിമല ക്ഷേത്രവും ആചാരങ്ങളും വിശ്വാസങ്ങളുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാൻ പോലിസിനെ ദുരുപയോഗം ചെയ്ത് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. വിശ്വാസം സംരക്ഷിക്കാനുള്ള വിശ്വാസികളുടെ ധർമ്മസമരത്തിനൊപ്പം ബി.ജെ.പി പോരാടും.
നിരപരാധികളായ സ്ത്രീകൾ ഉൾപ്പടെയുള്ള ഭക്തജനങ്ങളെ കള്ളക്കേസിൽ പെടുത്തുകയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അനേകായിരങ്ങളെ അറസ്റ്റ് ചെയ്യുകയുമാണ്. സർക്കാരിന്റെ ഈ നടപടികൾ അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്നു. അക്കാലത്തും സ്ത്രീകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതായി കേട്ടുകേൾവിയില്ല.
ഇത്തരം പീഡനമുറകളിലൂടെ സംഘപരിവാറിനെയും ബി.ജെ.പി.യേയും തകർക്കാമെന്നാണ് മുഖ്യമന്ത്രിയുടെ വ്യാമോഹം. ജാതി, മത, സാമുദായിക സൗഹാർദ്ദം തകർക്കാനും മുഖ്യമന്ത്രിയും പാർട്ടിയും ശ്രമിക്കുന്നു. നാട്ടിൽ ശാന്തിയും സമാധാനവും നിലനിറുത്താൻ ആഗ്രഹിക്കുന്ന ഭരണാധികാരിക്ക് ചേർന്ന പ്രവർത്തിയും വാക്കുകളുമല്ല മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.