politics

തിരുവനന്തപുരം: പോഷക സംഘടനകളായ യുവമോർച്ചയുടെയും ഒ.ബി.സി മോർച്ചയുടെയും സംസ്ഥാന ഭാരവാഹിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ പുതിയ കലഹം തുടങ്ങി. പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി കെ. സുരേന്ദ്രനെ അനുകൂലിക്കുന്നവരെ വെട്ടിനിരത്തിയെന്ന ആക്ഷേപമാണ് പുതിയ തർക്കത്തിന് വിത്തുപാകിയത്. കുമ്മനം മിസോറം ഗവർണറായി പോയ ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പ്രചരിച്ച പേരുകളിലൊന്നായിരുന്നു സുരേന്ദ്രന്റേത്.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.രാജീവ്, സെക്രട്ടറി ഹരീഷ്, മീഡിയ സെൽ കൺവീനർ വിജയ് റേ, വൈസ് പ്രസിഡന്റുമാരായ ആ‌ർ.എസ്. പ്രശാന്ത്, ആർ.എസ്.സമ്പത്ത് എന്നിവരെയാണ് സ്ഥാനങ്ങളിൽ നിന്ന് മാറ്രിയത്. ജനറൽ സെക്രട്ടറി പദവിയിലിരുന്ന രാജീവിനെ വൈസ് പ്രസിഡന്റാക്കിയപ്പോൾ മറ്രുള്ളവർക്ക് പദവിയൊന്നുമില്ല. ഇവരെല്ലാം കെ.സുരേന്ദ്രന്റെ അടുപ്പക്കാരാണ്. സുരേന്ദ്രൻ യുവമോർച്ച പ്രസിഡന്റായിരിക്കെ ചുമതലകളിൽ നിന്ന് മാറ്റിയവരും പുതിയ പട്ടികയിൽ ഇടം നേടിയതും ശ്രദ്ധേയമാണ്.

ഒ.ബി.സി മോർച്ച പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി അജയൻ നെല്ലിക്കോട്, സെക്രട്ടറി അരുൺപ്രകാശ് എന്നിവരെയും ഒഴിവാക്കി.യുവമോർച്ച സംസ്ഥാന സെക്രട്ടറി എൻ.പി ശിഖയെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയാക്കി.

കുമ്മനത്തിന് ശേഷം സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് കേന്ദ്ര നേതൃത്വത്തിനും എതിർപ്പില്ലായിരുന്നെങ്കിലും ആർ.എസ്.എസ് നേതൃത്വം വിയോജിച്ചു. ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെന്ന നിലയിൽ ശ്രീധരൻപിള്ള എത്തുകയായിരുന്നു.