വിതുര: സുഹൃത്തുക്കൾക്കൊപ്പം കല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. പാലക്കോട് പിരായടി കൂടച്ചേരി ഹൗസിൽ ജയിംസിന്റെ മകൻ ജെ. ജെയിൻ (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കല്ലാർ ജംഗ്ഷന് സമീപമുള്ള കടവിലാണ് സംഭവം.
പൊൻമുടി സന്ദർശനം കഴിഞ്ഞ് കല്ലാറിൽ എത്തിയ മൂന്നംഗ സംഘം ചായകുടിയും വിശ്രമവും കഴിഞ്ഞ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. ജെയിനിന് ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പട്ടം സ്വദേശി കണ്ണനും ആലപ്പുഴ വിട്ടിക്കാവ് സ്വദേശി സുജിത്തും കുളി കഴിഞ്ഞ് ആദ്യം കരയ്ക്ക് കയറി. ഇതിനിടെ ജയിൻ കയത്തിൽ മുങ്ങി താഴുന്നതു കണ്ട് ഇവർ ബഹളം വച്ചു. സമീപത്തുണ്ടായിരുന്ന കല്ലാർ സ്വദേശികൾ കയത്തിൽ നിന്നു ജെയിനിനെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹരിയാനയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് മൂവരും. ജെയിനിന്റെ ഭാര്യ ഡോണ ഏഴ് മാസം ഗർഭിണിയാണ്. ഇന്നലെ മരണം നടന്ന കടവിൽ ആറ് മാസം മുൻപും യുവാവ് മുങ്ങി മരിച്ചിരുന്നു.
വിതുര എസ്.എെ വി. നിജാമിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.