മലയിൻകീഴ് : മാറനല്ലൂർ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ എൻ.ജി.ഒ യൂണിയൻ യോഗം ചേർന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടി. വിവരമറിഞ്ഞ് സി.പി.എം പ്രവർത്തകരെത്തി മാറനല്ലൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പൂട്ട് തല്ലിപ്പൊളിച്ചു. സംഭവം നേരിയ സംഘർഷത്തിനിടയാക്കി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. എൻ.ജി.ഒ യൂണിയൻ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ വിളിച്ചുചേർത്ത ഉണർവ് ബോധവത്കരണ ക്ലാസിൽ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാടുകൾക്ക് പിന്തുണ തേടിയുള്ള പ്രസംഗമാണ് നടത്തിയത്. ഇത് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിതരാക്കി. തുടർന്നായിരുന്നു ഗേറ്റ് പൂട്ടൽ. ബി.ജെ.പി ബോധപൂർവം സംഘർഷത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് സി.പി.എം മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സുരേഷ് പറഞ്ഞു.