സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ്/ ടെക്നിഷ്യൻ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരിയിലെ സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും സംയുക്തമായി കേന്ദ്രീകൃത വാക് ഇൻ ഇന്റർവ്യൂകൾ നടത്തും. 800 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കളമശേരി കുസാറ്റിലെ സ്കൂൾ ഒഫ് എൻജിനിയറിംഗ്, സോഫ്ട്‌വെയർ എൻജിനിയറിംഗ് ബ്ലോക്കിൽ നവംബർ 16നും 17നും രാവിലെ 8.30 മുതൽ ബി.ടെക്/ബി.ഇ കാർക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തും. കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്കൂൾ ഒഫ് മാനേജ്മെന്റിൽ ഡിസംബർ ഒന്നിന് രാവിലെ 8.30 ന് പോളിടെക്നിക് ഡിപ്ലോമക്കാർക്കും, ബി.ടെക്/ബി.ഇ ക്കാർക്കുമായി വാക് ഇൻഇന്റർവ്യൂ നടത്തും.
എൻജിനിയറിംഗ്/ ടെക്നോളജിയിൽ ബി.ടെക്/ ബി.ഇപോളിടെക്നിക് ഡിപ്ലോമ നേടി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കും എസ്.ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം (ഇതുവരെ ചെയ്യാത്തവർ) ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഡിഗ്രിക്കാർക്ക് 4984 രൂപയും, ഡിപ്ലോമക്കാർക്ക് 3542 രൂപയുമാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപെൻഡ്. ട്രെയിനിംഗിന് ശേഷം കേന്ദ്രസർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തിൽ തൊഴിൽപരിചയമായി പരിഗണിച്ചിട്ടുണ്ട്. കൂടാതെ ട്രെയിനിംഗ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും സ്ഥിരം ജോലിക്കും അവസരമൊരുക്കും. സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും മൂന്ന് കോപ്പികളും വിശദമായ ബയോഡാറ്റയുടെ മൂന്ന് കോപ്പികളും സഹിതം തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകണം. സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഇന്റർവ്യൂ തീയതിയ്ക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം. അപേക്ഷാ ഫോമും രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും www.sdcentre.org ൽ. രജിസ്റ്റർ ചെയ്യുന്നതിന് പോസ്റ്റൽ വഴി അയയ്ക്കുകയോ കുട്ടികളോ, അദ്ധ്യാപകരോ അപേക്ഷകൾ ശേഖരിച്ച് നേരിട്ട് എസ്.ഡി സെന്ററിൽ എത്തിക്കുകയോ ആവാം. കൊണ്ടുവരുന്ന വ്യക്തിയുടെ കൈവശം രജിസ്ട്രേഷൻ കാർഡുകൾ കൊടുത്തയക്കും. ഇന്റർവ്യൂ നടക്കുന്ന ദിവസം രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. എസ്.ഡി സെന്റർ നൽകുന്ന രജിസ്ട്രേഷൻ കാർഡോ ഇമെയിൽ പ്രിന്റോ ഇന്റർവ്യൂവിന് വരുമ്പോൾ കൊണ്ടുവരണം. ബോർഡ് ഒഫ് അപ്രന്റീസ് ട്രെയിനിംഗിന്റെ നാഷണൽ വെബ് പോർട്ടൽ ആയ www.mhrdnats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റ് ഔട്ട് കൊണ്ടുവന്നാലും പരിഗണിക്കും.
പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ www.sdcentre.org ൽ പ്രസിദ്ധീകരിക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്ത ബ്രാഞ്ചുകൾക്ക് മാത്രമേ ഇന്റർവ്യൂകൾ ഉണ്ടായിരിക്കൂ.
ജലനിധിയിൽ അവസരങ്ങൾ
ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ സീനിയർ ക്ലർക്ക് കം കാഷ്യർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
റീജിയണൽ പ്രോജക്ട് ഡയറക്ടർക്ക് 10 വർഷം ഗ്രാമീണവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ പ്രവൃത്തിപരിചയവും, സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്സിക്യൂട്ടിവ് എൻജിനിയർ/ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണർ തസ്തികകളിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം.
സീനിയർ ക്ലർക്ക് കം കാഷ്യർക്ക് ബിരുദം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, അഡ്മിനിസ്ട്രേഷൻ യോഗ്യതകളും കാഷ്യർ തസ്തികയിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജൂനിയർ സൂപ്രണ്ട്/ ഹെഡ് ക്ലർക്ക് തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in അപേക്ഷകൾ നവംബർ 15 വരെ സ്വീകരിക്കും.
സൗദി അറേബ്യയിലേക്ക് നിയമനം
സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അൽ മൗവ്വാസാത്ത് മെഡിക്കൽ സർവീസ് ആശുപത്രിയിൽ ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ളവരും പരിചയസമ്പന്നരുമായ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സേഫ്ടി എൻജിനിയർ എന്നിവരുടെ ഒഴിവിൽ ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ അഞ്ച് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ അഞ്ചിനകം odepcprivate@gmail.com ൽ അപേക്ഷ അയക്കണം. കൂടുതൽ വിശദവിവരങ്ങൾ www.odepc.kerala.gov.in ൽ ലഭിക്കും.
രേഖകൾ നൽകണം
മത്സ്യെത്താഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെയും മത്സ്യ അനുബന്ധത്തൊഴിലാളികളുടെയും വിവരങ്ങൾ കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങളുടെ ക്ഷേമനിധി ബുക്ക്, ബാങ്ക് അക്കൗണ്ട് നമ്പർ, ബയോമെട്രിക് കാർഡ് നമ്പർ, ജനനതിയതി, ഫോൺ നമ്പർ എന്നിവ 31നകം ബന്ധപ്പെട്ട ക്ഷേമനിധി ഫിഷറീസ് ഓഫീസിൽ നൽകണം.
പി.ജി. സ്പോർട്സ് ക്വോട്ട ഒഴിവ്
പി.ജി സ്പോർട്സ് ക്വോട്ടയിൽ ഗവ. സർക്കാർ വനിതാ കോളേജിൽ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകൾ കോളേജിൽ സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്. ഫോൺ: 9447501251.
കമ്പനി സെക്രട്ടറി ഒഴിവ്
സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ കമ്പനി സെക്രട്ടറിയുടെ ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. 16,130 26,325 രൂപയാണ് ശമ്പളം. ബിരുദമാണ് യോഗ്യത. ഫെലോ ഇൻ കമ്പനി സെക്രട്ടറിഷിപ്പ് നേടിയതിന് ശേഷമുള്ള 10 വർഷത്തെ തൊഴിൽപരിചയം വേണം. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കമ്പനി സെക്രട്ടറിഷിപ്പ് തസ്തികയിൽ പ്രവൃത്തിപരിചയവും ഉണ്ടാവണം. നിയമ ബിരുദം അഭികാമ്യ യോഗ്യതയാണ്. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ അവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തെ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സചേഞ്ചിൽ 30 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേലാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ആയുർവേദ മെഡിക്കൽ ഓഫീസർ: വാക് ഇൻ ഇന്റർവ്യൂ നവംബർ ഒൻപതിന്
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ ഒൻപതിന് രാവിലെ 9.30 മുതൽ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യ ഭവൻ ബിൽഡിംഗിലെ ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ബി.എ.എം.എസ് ബിരുദം, ടി.സി.എം.സി സ്ഥിര രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഫോൺ: 04712320988.
കിറ്റ്സിൽ എയർപോർട്ട്‌ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റിയൂട്ടായ കിറ്റ്സിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂർ ക്യാമ്പിൽ നവംബറിൽ ആരംഭിക്കുന്ന എയർപോർട്ട്‌ലോജിസ്റ്റിക് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ്ടു/ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ആറ് മാസം കാലാവധിയുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് ഇന്റർവ്യൂകളിൽ പങ്കെടുക്കാനുള്ള അവസരവും നൽകും. അപേക്ഷകൾ www.kittsedu.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 9567869722.