തിരുവനന്തപുരം: തന്റെ അവസാന സ്കൂൾ മീറ്ര് അവിസ്മരണീയമാക്കാൻ നിശ്ചയിച്ചുറപ്പിച്ചെന്നോണം അപർണ റോയിയെന്ന കോഴിക്കോടൻ മിന്നൽപിണർ യൂണിവേഴ്സിറ്റി സ്റ്രേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനെ തീപിടിപ്പിച്ച് കുതിച്ച് പാഞ്ഞ സ്കൂൾ കായികമേളയിലെ ഒന്നാം ദിനം ഹർഡിൽസ് മത്സരങ്ങളിൽ കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ.
സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് സായിയുടെ ഫദീഹ് കെ 14.30 സെക്കൻഡിൽ ഒന്നാമതെത്തി. ഇതേയിനത്തിൽ പാലക്കാട് പറളി സ്കൂളിലെ അജിത്.എ രണ്ടാമതും, കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ സുധീഷ്.ഡി മൂന്നാമതും എത്തി. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ സൂപ്പർതാരം അപർണ റോയ് (13.85 സെക്കൻഡ്) ഒന്നാം സ്ഥാനം നേടി. കോട്ടയം ഭരണങ്ങാനം സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ അലീന വർഗീസ് രണ്ടാം സ്ഥാനവും കോതമംഗലം സെന്റ് ജോർജിലെ മെറിൻ ബിജു മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ സൂര്യജിത്ത് ആർ.കെ. സ്വർണമണിഞ്ഞു. എം.എ കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ മുഹമ്മദ് ലസാൻ , ഇടുക്കി വണ്ണപ്പുറം സ്കൂളിലെ ആബേൽ ബിജു എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കോട്ടയം ഭരണങ്ങാനം സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ ആൻറോസ് ടോമി ഒന്നാമതെത്തി. തിരുവനന്തപുരം ജി.വി.രാജാ സ്പോർട്സ് സ്കൂളിലെ അതുല്യ.പി.സജി രണ്ടാമതും, കൊല്ലം സായിയുടെ നയന ജോസ് മൂന്നാമതും എത്തി.
സബ് ജൂനിയർ 80 മീറ്റർ ഹർഡിൽസിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം സെന്റ് ജോർജിന്റെ മുഹമ്മദ് സഹിദൂർ റഹ്മാൻ , തൃശൂർ സായിയുടെ മുഹമ്മദ് മുസ്തബ , കോതമംഗലം സെന്റ് ജോർജിന്റെ വാങ് മയൂം മുക്കറാം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. പെൺകുട്ടികളിൽ തൃശൂർ നാട്ടിക ഗവ.ഫിഷറീസ് സ്കൂളിലെ ശിവപ്രിയ ഇ.എസ് , തൃശൂർ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിലെ ശ്രീലക്ഷ്മി കെ , പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ കീർത്തി എസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി.