തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സർക്കാരും പാർട്ടിയും കൈക്കൊണ്ട ഉറച്ച നിലപാട് രാഷ്ട്രീയമായി ദോഷമാകില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റ് ഇന്നലെ വിലയിരുത്തി. ഇടതു മുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ഏറെ ഗുണം ചെയ്തു. നിലപാടിൽ വിട്ടുവീഴ്ച വരുത്തുന്നത് സംഘപരിവാറിന് കീഴടങ്ങുന്ന പ്രതീതി സൃഷ്ടിക്കും.
കോടതി വിധി എന്തെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഇടതു മുന്നണി പ്രഖ്യാപിച്ച ജില്ലാതല രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പരമാവധിയിടത്ത് മുഖ്യമന്ത്രി പങ്കെടുക്കണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. കഴിഞ്ഞ ദിവസം മുന്നണിയിലുണ്ടായ ധാരണയനുസരിച്ച് ഒൻപത് ജില്ലകളിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ തീരുമാനിച്ചിരുന്നു. നവോത്ഥാന സദസുകളടക്കം പാർട്ടിയുടെ മറ്റ് പ്രചാരണ പരിപാടികൾ നിശ്ചയിച്ചത് പോലെ തുടരും. മന്ത്രിമാരും സെക്രട്ടേറിയറ്റംഗങ്ങളും പരമാവധി യോഗങ്ങളിൽ പങ്കെടുക്കണം.
ആക്രമണ മുന തന്ത്രി, രാജകുടുംബം, സംഘപരിവാർ എന്നിവരിലേക്ക് തിരിച്ചുവിട്ടതിലൂടെ വലിയ അളവിൽ മതനിരപേക്ഷ, പുരോഗമന ചിന്താഗതിക്കാരുടെ സ്വീകാര്യത നേടാനായി. പിന്നാക്ക, ദളിത് വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിക്കാനുമാകും. സംഘപരിവാറിനെതിരായ ശക്തമായ ആക്രമണം മതന്യൂനപക്ഷങ്ങളിലടക്കം ചലനമുണ്ടാക്കും. കോടതി വിധി നടപ്പാക്കിയേ തീരൂ. അതിനാൽ സമരം എന്തിന് വേണ്ടിയെന്ന ചോദ്യം നിഷ്പക്ഷമതികളിലടക്കം ഉയരുന്നുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.