തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ കായിക കേരളത്തിന്റെ ഭാവിനാളങ്ങൾക്ക് തിരി തെളിഞ്ഞു. ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് മീറ്റിൽ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ഒന്നാംസ്ഥാനത്ത് മുന്നേറുകയാണ്. 31 ഇനങ്ങളിലെ ഫൈനലുകൾ പൂർത്തിയായപ്പോൾ ഒമ്പത് സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവുമടക്കം 88 പോയിന്റുമായി എറണാകുളം ജില്ല ഒന്നാം സ്ഥാനത്താണ്. സംസ്ഥാന സ്കൂൾ മീറ്റുകളിലെ ചിരവൈരികളും അയൽക്കാരുമായ മാർബേസിൽ, സെന്റ് ജോർജ് സ്കൂളുകളുടെ കരുത്തിലാണ് എറണാകുളത്തിന്റെ കുതിപ്പ്. ബെസ്റ്റ് സ്കൂളിനുള്ള പോരാട്ടത്തിൽ രണ്ട് പോയിന്റിന് സെന്റ് ജോർജിനെക്കാൾ മുന്നിലാണ് മാർബേസിൽ.
മുന്‍വര്‍ഷങ്ങളിൽ എറണാകുളത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയ പാലക്കാടിന് ആദ്യദിനം അല്‍പം ക്ഷീണമായി. ആറു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവുമടക്കം 46 പോയിന്റുമായാണ് അവർ രണ്ടാമതുള്ളത്. തൊട്ടുപിന്നില്‍ നാലു വീതം സ്വർണവും വെള്ളിയും മൂന്നു വെങ്കലവുമായി 35 പോയിന്റ് നേടി കോഴിക്കോട് കടുത്ത മത്സരം കാഴ്ചവയ്ക്കുന്നു.
മീറ്റിൽ രണ്ട് റെക്കാഡുകൾ മാത്രമാണ് ഇന്നലെ പിറന്നത് ജൂനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ കല്ലടി കുമരംപുത്തൂർ സ്കൂളിലെ സി.എ. മുഹമ്മദ് ബാസിമും ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ മെഴ്സിക്കുട്ടൻ അക്കാഡമിയിലെ എ.എസ്. സാന്ദ്രയുമാണ് റെക്കാഡ് തിരുത്തിയെഴുതിയത്. 100 മീറ്റർ ഹർഡിൽസിൽ ആൻറോസ് ടോമിയും അതുല്യ പി. സജിയും റെക്കാഡ് തിരുത്തിയതായി ആദ്യം അറിയിച്ചിരുന്നുവെങ്കിലും റെക്കാഡ് ബുക്ക് പരിശോധിക്കുന്നതിൽ സംഘാടകർക്ക് പറ്റിയ പിഴവായിരുന്നുവെന്ന് മനസിലാക്കി തിരുത്തി. ഇൗയിനത്തിൽ അപർണ റോയി കോഴിക്കോട് നേടിയ റെക്കാഡാണ് ഇപ്പോഴും നിലനിൽക്കുന്നത്. അപർണ ഇന്നലെ സീനിയർ പെൺകുട്ടികളുടെ ഹർഡിൽസിൽ സ്വർണം നേടുകയും ചെയ്തു.
സ്‌കൂളുകളുടെ വിഭാഗത്തില്‍ ആദ്യ ദിനം തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം തുടങ്ങി. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ബേസിലിന് മൂന്നു വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും അടക്കം 25 പോയിന്റാണുള്ളത്. അവസാന സ്‌കൂൾ മീറ്റിനിറങ്ങിയ പരിശീലകൻ രാജുപോളിന് മികച്ച യാത്രയയപ്പു നൽകാന്‍ തയാറെടുക്കുന്ന
സെന്റ്ജോർജസിലെ കുട്ടികൾ രണ്ടു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവുമടക്കം 23 പോയിന്റുമായാണ് പൊരുതുന്നത്.
മലബാർ സ്‌പോർട്‌സ് അക്കാദമിയുടെ കരുത്തിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസാണ് മൂന്നാമത്. രണ്ടു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 20 പോയിന്റാണ് അവർക്കുള്ളത്.
മീറ്റ് മൂന്നു ദിവസമായി ചുരുക്കിയതിനെത്തുടര്‍ന്ന് കടുപ്പമേറിയ ഷെഡ്യൂളാണ് ഇക്കുറി. 31 ഫൈനലകുള്‍ അരങ്ങേറിയ ഇന്നലെ
പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ തുടർച്ചയായ ആറാം തവണയും സ്വർണം നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ അപർണാ റോയി ആദ്യ ദിനം താരമായി.
രണ്ടാം ദിനമായ ഇന്ന് 38 ഫൈനലുകളാണ് നടക്കുന്നത്. മീറ്റിന്റെ ഗ്ളാമർ ഇനമായ 100 മീറ്റർ പോരാട്ടങ്ങളും 4-100 മീറ്റർ സ്പ്രിന്റ് റിലേ ഫൈനലുകളും ഇന്ന് അരങ്ങേറും. 400 മീറ്റർ ഹർഡിൽസ് ഫൈനലുകളാണ് ആവേശമുയർത്തുന്ന മറ്റൊരു ഇനം.
ഒാവറാൾ
പോയിന്റു നില
(ജില്ല, സ്വർണം, വെള്ളി, വെങ്കലം, പോയിന്റ് ക്രമത്തിൽ)
എറണാകുളം 9-12-7-88
പാലക്കാട് 6-4-4-46
കോഴിക്കോട് 4-4-3-35
തൃശൂർ 3-5-1-31
ആലപ്പുഴ 4-0-4-24
തിരുവനന്തപുരം 2-2-7-23
കോട്ടയം 1-1-1-9
കണ്ണൂർ 0-2-2-8
മലപ്പുറം 1-0-0-5
കാസർകോട് 1-0-0-5
പത്തനംതിട്ട 0-1-0-3
കൊല്ലം 0-0-1-1
ബെസ്റ്റ് സ്കൂൾ പോയിന്റ് നില
(സ്കൂൾ, സ്വർണം, വെള്ളി)
മാർബേസിൽ 3-3-1-25
സെന്റ് ജോർജ് 2-3-4-23
പുല്ലൂരാംപാറ 2-3-1-20
നാട്ടിക എച്ച്.എസ്.എസ് 3-1-1-19
കല്ലടി എച്ച്.എസ് 3-1-1-19.
-