പാലോട്: ദാഹമകറ്റുന്നത് മലയിൽ നിന്ന് ഓവുവഴിയുള്ള കലക്കവെള്ളം, ആഹാരം കഴിക്കുന്നത് നായ്ക്കളോടൊപ്പം ഒരേ പാത്രത്തിൽ, പ്രാഥമികാവശ്യങ്ങൾക്ക് കാട് തന്നെ ആശ്രയം. പനിബാധിച്ച് ചികിത്സകിട്ടാതെ രണ്ടുമാസത്തിനിടെ 19ഉം 17ഉം വയസുള്ള ആദിവാസി സഹോദരിമാർ മരിച്ച പെരിങ്ങമ്മല പഞ്ചായത്തിലെ വിട്ടിക്കാവ് ആദിവാസി സങ്കേതത്തിന്റെ നേർക്കാഴ്ചയാണ്. തിരുവനന്തപുരം ഡി.എം.ഒ ഡോ. പ്രീതയുടെ നേതൃത്വത്തിൽ ഇന്നലെ ആദിവാസി ഊര് സന്ദർശിച്ച വിദഗ്ദ്ധ സംഘം ദുരവസ്ഥ നേരിൽക്കണ്ട് നടുങ്ങി. കുന്നിൻ മുകളിലെ കുടിലുകളിൽ എത്താൻ വഴിസൗകര്യം തീരെയില്ല. പോഷകാഹാര കുറവ് നിമിത്തം കുട്ടികൾ മരിക്കുന്നത് മറച്ചു പിടിക്കുകയാണ് പലകുടുംബങ്ങളും. വൈദ്യചികിത്സ ലഭിക്കാൻ പാലോട്ടോ പെരിങ്ങമ്മലയിലോ പോകേണ്ട അവസ്ഥയാണ്. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ വിട്ടിക്കാവിലെ പ്രൈമറി ഹെൽത്ത് സബ് സെന്റർ തുറക്കാറില്ല. ഡി.എം.ഒയ്ക്ക് മുന്നിൽ ആവലാതികളുടെ മലവെള്ളപ്പാച്ചിലായിരുന്നു. ആദിവാസി സഹോദരിമാരുടെ മരണകാരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.എം.ഓ പറഞ്ഞു. ലാബ് റിപ്പോർട്ടുകളും വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടും ലഭിച്ചതിനു ശേഷം ഇക്കാര്യം വെളിപ്പെടുത്തും. അടിയന്തരമായി ശുദ്ധജലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സന്ദർശക സംഘത്തിലുണ്ടായിരുന്ന പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോനോട് ഡി.എം.ഒ ആവശ്യപ്പെട്ടു. ആദിവാസി വീടുകളിലെത്താനുള്ള റോഡിന്റെ ശോച്യാവസ്ഥയും ശ്രദ്ധയിൽപ്പെടുത്തി. ജില്ലാ മലേറിയ ഓഫീസർ ഡോ. ഷേർളി, ഡോ.നീന, ഡോ. ജീത്തു എന്നിവരും നെടുമങ്ങാട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സി. വിനോദ്‌കുമാർ, വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഹരിനാഥ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ദീപയ്ക്ക് അന്ത്യവിശ്രമം ചേച്ചിയുടെ കുഴിമാടത്തിനരികിൽ

മാസങ്ങളുടെ വെത്യാസത്തിൽ മരണം കവർന്നെടുത്ത ഇടിഞ്ഞാർ കിടാരക്കുഴി ബാലചന്ദ്രൻ കാണിയുടെയും മോളിയുടെയും മകൾ ദീപാചന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹവുമായി പാലോട് സർക്കാർ ആശുപത്രി ഉപരോധിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പൊതുപ്രവർത്തകരും പൊലീസും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഉച്ചയോടെ വീട്ടുവളപ്പിൽ സഹോദരി ദിവ്യാചന്ദ്രന്റെ കുഴിമാടത്തിനരികിൽ ദീപയുടെ മൃതദേഹം അടക്കം ചെയ്തു. ദീപയുടെയും ദിവ്യയുടെയും ഇളയ സഹോദരി ദീപ്തിയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല.