തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ കഞ്ചാവ് മാഫിയാ സംഘത്തിന്റെ വിളയാട്ടം. കഞ്ചാവ് വില്പനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ ഓട്ടോ ഡ്രൈവറെ നാലംഗ സംഘം മാർദ്ദിച്ച് അവശനാക്കി. വിതുര സ്വദേശി ഷെഫീക്കിനാണ് (46) മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് സംഗീത കോളേജിന് സമീപത്തായിരുന്നു സംഭവം. ഷെഫീക്കിന്റെ വരവ് മനസിലാക്കിയ നാലംഗ സംഘം റോഡിൽ ഓട്ടോ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. കമ്പികൊണ്ട് ഓട്ടോറിക്ഷയുടെ ചില്ലുകളും അടിച്ചുതകർത്തു. ഷെഫീക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കുറച്ചുനാൾ മുമ്പ് ഷെഫീക്ക് നൽകിയ വിവരം അനുസരിച്ച് കഞ്ചാവ് വില്പന സംഘത്തെ എക്സൈസ് പിടികൂടിയിരുന്നു. അതിന്റെ പ്രതികാരം തീർക്കാനായിരുന്നു ഇപ്പോഴത്തെ അക്രമമെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു. ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയായ നെടുമങ്ങാട് സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു ബൈക്കിലെത്തിയ സംഘം ഷെഫീക്കിനെ തല്ലിച്ചതച്ചത്. തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.