നെയ്യാറ്റിൻകര (തിരുവനന്തപുരം): പലതവണ നിരോധിച്ചിട്ടും സംസ്ഥാനത്ത് പലയിടത്തും വ്യാജ വെളിച്ചെണ്ണയുടെ വില്പന വ്യാപകം. ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തിയ വ്യാജ വെളിച്ചെണ്ണകൾ പൂർവാധികം ശക്തിയോടെ വിപണിയിൽ തിരിച്ചെത്തുകയാണ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരഫെഡിന്റെ പായ്ക്കറ്റ് എണ്ണയുടെ സമാനമായ പായ്ക്കറ്റിൽ തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന വ്യാജ വെളിച്ചെണ്ണ ഒരു പരിശോധനയും കൂടാതെ വിപണിയിൽ വിറ്റഴിക്കുന്നു. ചില എണ്ണയാട്ട് മില്ലുകളുടെ മറവിലും വ്യാജവെളിച്ചെണ്ണ വിറ്റഴിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. ചില പ്രത്യേക ബ്രാൻഡ് വെളിച്ചെണ്ണകൾ നിരോധിച്ചതായി ആരോഗ്യവകുപ്പ് പത്രപ്പരസ്യം ചെയ്തിരുന്നു. എന്നാൽ, ഈ നിരോധനങ്ങളെല്ലാം മറികടന്ന് വ്യാജന്മാർ വിപണിയിൽ പിടിമുറുക്കുകയാണ്.
വ്യാജന്മാർ പലവിധം
വില കുറഞ്ഞ പാം കർണൽ ഓയിൽ സസ്യ എണ്ണയുമായി ചേർത്തും വ്യാജൻ ഇറക്കുന്നുണ്ട്. എണ്ണപ്പനയുടെ കുരുവിന്റെ കാമ്പിൽ നിന്നാണ് കർണൽ ഓയിൽ നിർമിക്കുന്നത്. വെളിച്ചെണ്ണയെക്കാൾ തീരെ ഗുണം കുറവ്. ഏറെക്കാലം കേടുകൂടാതെയിരിക്കും. മറ്റൊന്ന് മൃഗക്കൊഴുപ്പിൽ സൂര്യകാന്തി എണ്ണയും സസ്യഎണ്ണയും ചേർത്തുണ്ടാക്കുന്ന പാട്ട ഓയിൽ എന്നറിയപ്പെടുന്ന വ്യാജ വെളിച്ചെണ്ണയാണ്. തമിഴ്നാട്ടിലെ കോഴിഫാമുകളിൽ ഇറച്ചിക്കോഴിക്ക് തൂക്കം കൂട്ടാൻ തീറ്റയോടൊപ്പം ചേർക്കാനാണ് സാധാരണ പാട്ടഒായിൽ ഉപയോഗിക്കുന്നത്. കന്നുകാലികളെ കശാപ്പു ചെയ്ത ശേഷമുള്ള കുടലും മറ്റ് അവശിഷ്ടങ്ങളും അരച്ചെടുത്ത് ചൂടാക്കിയാണ് മൃഗക്കൊഴുപ്പ് ഉണ്ടാക്കുന്നത്. ഇതും വ്യാജ വെളിച്ചെണ്ണ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നിറവും മണവും കിട്ടാൻ ലാറിക് ആസിഡും ചേർക്കും.
ലിക്വിഡ് പാരഫിൻ എന്ന പെട്രോളിയം ഉത്പന്നവും വെളിച്ചെണ്ണയിൽ കലർത്താറുണ്ട്. ഇത് പലയിടത്തുനിന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജവെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാൽ കാൻസറും മറ്റ് അലർജി രോഗങ്ങളും വിഷാദരോഗവുമൊക്കെ പിടിപെടാൻ സാദ്ധ്യതയുണ്ട്.
box
വില ഉയർന്നത് അവസരമാക്കി
വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതാണ് ഇത്രയധികം വ്യാജന്മാർ ഈ രംഗത്തേക്ക് കടന്നുവരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ ഒരു കിലോക്ക് ഇപ്പോൾ 153 മുതൽ 225 രൂപാ വരെയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ കിലോയ്ക്ക് 100 രൂപ മുതൽ താഴോട്ട് ലഭ്യമാണ്.