സോൾ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോൾ സമാധാന പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ ദക്ഷിണ കൊറിയയിൽ സന്നദ്ധ സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം .ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ കലാപം നടത്തിയ ചരിത്രമുള്ള ഒരാൾ ഇത്തരമൊരു പുരസ്കാരം അർഹിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. സോൾ പീസ് പ്രൈസ് കൾചറൽ ഫൗണ്ടേഷൻ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നും അവർ ആവശ്യപ്പെട്ടു.
കൊറിയ ഹൗസ് ഒഫ് ഇന്റർനാഷണൽ സോളിഡാരിറ്റി, സെന്റർ ഫോർ റെഫ്യൂജി റൈറ്റ്സ് ഇൻ കൊറിയ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുളളത്. രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് മോദിക്ക് പുരസ്കാരം സമ്മാനിക്കുന്നത്. മോദിയുടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെയും നോട്ടുനിരോധനത്തെയും പുരസ്കാര സമിതി പ്രശംസിച്ചിരുന്നു. സോൾ സമാധാന പുരസ്കാരം ലഭിക്കുന്ന പതിനാലാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി. യു.എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ തുടങ്ങിയവരാണ് ഇതിനുമുൻപ് പുരസ്കാരം ലഭിച്ച പ്രമുഖർ. മോദിക്കും സോൾ സമാധാന പുരസ്കാര ഫൗണ്ടേഷനും സൗകര്യപ്രദമായ ദിവസത്തിലാണ് പുരസ്കാരം കൈമാറുക.