കിളിമാനൂർ: പുസ്‌തക കുടുക്കകളിൽ വീണ നാണയങ്ങൾ ചേർത്തുവച്ചു കുട്ടികൾക്ക് ഓരോരുത്തർക്കും വീടുകളിൽ ലൈബ്രറിയൊരുങ്ങി. തോട്ടയ്ക്കാട് ഗവൺമെന്റ് എൽ.പി.എസിലെ കുരുന്നുകളുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. രണ്ടാം ക്ലാസ്സുകാരിയായ കൃഷ്ണപ്രിയയുടെ വീട്ടിൽ വച്ച് കവി ഗിരീഷ് പുലിയൂർ ആദ്യ ഗ്രന്ഥപുരയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ അക്കാദമിക വർഷത്തിലെ വായനാദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കൂട്ടുകാർക്കും അദ്ധ്യാപകരാണ് പുസ്തകക്കുടുക്കകൾ സമ്മാനമായി നൽകിയത്. കുട്ടികളിൽ സാമ്പാദ്യശീലവും അതിലൂടെ വീഴുന്ന നാണയത്തുട്ടുകൾ ചേർത്തുവച്ചു വാങ്ങുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് വയനാശീലവും വളർത്തി അതിലൂടെ വീട്ടിലൊരു ലൈബ്രറി സജ്ജമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാവിന്റെയും കുട്ടിയുടെയും പൂർണമായ പങ്കാളിത്തത്തോടെ ഓരോ ഘട്ടത്തിലും പുസ്തകകുടുക്കകളിൽ വീഴുന്ന സാമ്പാദ്യത്തിന്റെ വ്യക്തമായ വിലയിരുത്തൽ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഈ വർഷം വായനാദിനത്തോടനുബന്ധിച്ചു കേരള സർക്കാർ സംസ്കാരികവകുപ്പിന്റെ പുസ്തകവണ്ടി വിദ്യാലയത്തിലെത്തുകയും എല്ലാ കുട്ടികളും അദ്ധ്യാപകരുടെയും പി.ടി.എയുടെയും രക്ഷിതാവിന്റെയും സാന്നിദ്ധ്യത്തിൽ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ് രേഷ്‌കുമാർ, ലിസി ശ്രീകുമാർ, വാർഡ് മെമ്പർ വിലാസിനി, പി.ടി.എ പ്രസിഡന്റ് റിജു, ഹെഡ്മിസ്ട്രസ് പ്രിയ, മുൻ പ്രഥമാദ്ധ്യാപകൻ കെ.വി. വേണുഗോപാൽ, ഗോപിനാഥൻ ആശാരി, ബാബു, അദ്ധ്യാപകരായ ഷമീന, ഷൈലജ അരുൺദാസ്, ഷൈന, ലിജി, തുടങ്ങിയവർ സംസാരിച്ചു.