കൊച്ചി: ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാൻ പദ്ധതിയുണ്ടായിരുന്നു എന്ന വിവാദ വെളിപ്പെടുത്തലിനെതിരായ കേസിൽ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിന്റെ അറസ്റ്റ് വേഗത്തിലാക്കാൻ പൊലീസ്. നോട്ടീസ് അയച്ച് രാഹുലിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് നേരത്തെ പൊലീസ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് പുതിയ തീരുമാനം. പത്തനംതിട്ട പൊലീസിനടക്കം ഇതുസംബന്ധിച്ച് വിവരം കൈമാറിയതായാണ് സൂചന.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രമോദ് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ഐ.പി.സി 117, 153, 118 ഇ എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസ്. എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിനിടെയാണ് തങ്ങൾക്ക് പ്ലാൻ ബിയും സിയും ഉണ്ടായിരുന്നെന്നു രാഹുൽ വെളിപ്പെടുത്തിയത്. പരാമർശം വിവാദമായതോടെ നിലപാടിൽ നിന്ന് രാഹുൽ ഈശ്വർ പിൻമാറിയിരുന്നു. രാഹുൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്നും പരാതിയിൽ പറയുന്നു.
ഇന്നലെ രാവിലെ പരാതി ലഭിച്ചതോടെ കൊച്ചിയിലുണ്ടായിരുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി ചർച്ച ചെയ്താണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, രാജ്യദ്രോഹമാണ് രാഹുൽ നടത്തിയതെന്ന് പൊതുവേദിയിൽ പ്രസംഗിച്ചിരുന്നു. സെൻട്രൽ സി.ഐ അനന്തലാലിനാണ് അന്വേഷണച്ചുമതല.