തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിന്ന് പരമാവധി രാഷ്ട്രീയ നേട്ടം നേടാനായി ബി.ജെ.പി ശ്രമം കടുപ്പിക്കുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ നവംബർ എട്ടിന് കാസർകോട് നിന്ന് ശബരിമലയിലേക്ക് രഥയാത്ര നടത്തും. 13ന് സമാപിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിക്കുക. നേരത്തെ അഞ്ചുദിവസം നീണ്ടു നിന്ന യാത്ര പന്തളത്ത് നിന്ന് തിരുവന്തപുരത്തേക്ക് നടത്തിയിരുന്നു. തുടർന്ന് സെക്രട്ടേറിയറ്ര് മാർച്ചും നടത്തിയിരുന്നു.
പൊലീസിനെ ഉപയോഗിച്ച് ശബരിമല സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കത്തെ ചെറുക്കാനാണ് ബി.ജെ.പി രഥയാത്ര നടത്തുന്നത്. നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകരെ ഇതുവരെ ശബരിമല കേസിൽ കുടുക്കിയിട്ടുണ്ട്. അഞ്ചിന് വീണ്ടും നട തുറക്കുമ്പോൾ സ്ത്രീകളെ കൊണ്ടുവരുന്നതിനെതിരെ വീണ്ടും പ്രതിരോധമുയർത്താൻ ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്.
ശബരിമല വിഷയത്തിൽ എൽ.ഡി.എഫും പ്രചാരണം തുടങ്ങിയിട്ടുണ്ട്. നാല് യാത്രകൾക്ക് യു.ഡി.എഫും തുടക്കം കുറിക്കുന്നുണ്ട്.