മനസ് എവിടെയാണിരിക്കുന്നത്? ശരീരത്തിനുള്ളിലോ വെളിയിലോ?ശരീരത്തിനുവെളിയിലാണെന്നു പറയാൻ ശാസ്ത്രത്തിന് ഭയമാണ്. ശരീരത്തിനുള്ളിലാണെങ്കിൽ മനസ് ഇരിക്കുന്ന സ്ഥലം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. തലച്ചോറിനുള്ളിൽ നടക്കുന്ന രാസപരിണാമങ്ങളിൽ മനസിനെ കണ്ടെത്തി തൃപ്തിപ്പെടുകയാണ് ആധുനിക ശാസ്ത്രം. നമ്മൾ പറയുന്നത് ശ്രദ്ധിക്കാതെ സ്വപ്നം കണ്ടിരിക്കുന്ന സുഹൃത്തിനോട് നിന്റെ മനസ് ഇവിടെയെങ്ങുമില്ലല്ലോ എന്ന് നാം പറയാറില്ലേ? മനസ് ശരീരത്തിനുള്ളിലാണെങ്കിൽ അതിനെങ്ങനെ ഇവിടംവിട്ട് പറക്കാനാവും?ദർശനമാലയുടെ അഞ്ചാം പദ്യത്തിലെത്തി നിൽക്കുമ്പോഴാണ് ഈ സംശയങ്ങൾ ഉദിച്ചത്.അപ്പോൾ ഭഗവാൻ സത്യം വെളിപ്പെടുത്തി. മനസ് ശരീരത്തിനുള്ളിലല്ല, ശരീരം മനസിനുള്ളിലാണ്.
വ്യക്തിയുടെ ഉള്ളിലൊതുങ്ങി സ്വാർത്ഥമായി നിലകൊള്ളുന്ന ഒരു പ്രതിഭാസം എന്നാണ് മനസിനെക്കുറിച്ച് നമ്മിൽ ഭൂരിഭാഗവും കരുതിവച്ചിരുന്നത്. പക്ഷേ, ഭഗവാൻ മൊഴിയുന്നത് മനസാണ് എല്ലായിടവും നിറഞ്ഞിരിക്കുന്നതെന്നാണ്. അതിനെ തന്റേതെന്നുപറഞ്ഞ് മിഥ്യാധാരണയോടെ സ്വന്തമാക്കി വച്ചിരിക്കുന്നവനാണ് വ്യക്തി. മനസിനെക്കുറിച്ച് വിശദമായി ഭഗവാനിൽനിന്ന് അറിയണം എന്നു നിശ്ചയിച്ച് ഗുരുവിനെ പ്രാർത്ഥിച്ചു. ദർശനമാലയുടെ അഞ്ചാം പദ്യത്തെ ധ്യാനിച്ചു:മനോമാത്രമിദം ചിത്ര–മിവാഗ്രേ സർവമീദൃശംപ്രാപയാമാസ വൈചിത്ര്യംഭഗവാൻ ചിത്രകാരവത്.ഒരു ചിത്രകാരൻ സൂക്ഷ്മതയോടെ സങ്കല്പത്തെ ചിത്രമാക്കി തീർക്കുന്നതുപോലെയാണ് ദൈവം പ്രപഞ്ചസൃഷ്ടി നടത്തിയത്. ചിത്രകാരൻ ചിത്രം വരയ്ക്കുന്നത് നാല് ഘട്ടങ്ങളിലൂടെയാണ്. ഒന്നാംഘട്ടം വൃത്തിയാക്കിയ വെളുത്ത കാൻവാസ്. രണ്ടാംഘട്ടം അതിൽ പശപുരട്ടുന്നു. മൂന്നാംഘട്ടത്തിൽ അതിൽ ചിത്രത്തെക്കുറിച്ചുള്ള രൂപരേഖ വരയ്ക്കുന്നു. നാലാംഘട്ടത്തിൽ വർണങ്ങൾകൊണ്ട് അതിന് പൂർണതവരുത്തുന്നു. അതാണ് മനോമാത്രമിദം ചിത്രം. വൃത്തിയാക്കി വച്ച കാൻവാസാണ് ശുദ്ധബ്രഹ്മം. അതിൽ പശപുരട്ടുക എന്നുപറഞ്ഞാൽ ബ്രഹ്മശക്തി പതഞ്ഞുപൊങ്ങുകയെന്നാണർത്ഥം. ബ്രഹ്മശക്തി പതഞ്ഞുപൊങ്ങുന്നതിന് ഒരു പശിമയുണ്ട്. ആ പശിമയെയാണ് ശാസ്ത്രം ആകർഷണബലം എന്നു വിളിക്കുന്നത്.ദ്റവ്യപ്രപഞ്ചം പരസ്പരാശ്രയത്തോടെ ഒട്ടിനിൽക്കുന്നത് അതിലാണ്. ബന്ധങ്ങൾ, വികാരങ്ങൾ, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ എന്നിങ്ങനെ മനുഷ്യജീവിതത്തിൽ വിവിധരൂപങ്ങളിലും ഭാവങ്ങളിലും പ്രവർത്തിക്കുന്നത് ഈ പശയുടെ വകഭേദങ്ങളാണ്. ഇങ്ങനെ ബ്രഹ്മശക്തി സ്പന്ദിച്ചുയർന്ന അവസ്ഥയെയാണ് ഈശ്വരൻ എന്നുവിളിക്കുന്നത്.
ഈശ്വരൻ ഒരു മായാമൂടുപടം ഇട്ടാണ് നിലകൊള്ളുന്നത്. അത് മേൽപ്പറഞ്ഞ പശിമയുള്ള ശക്തീപടമാണ്. ഇതാണ് വാസനയുടെ തലം. വാസന ഒരുതരം പശയാണ്. ജന്മവാസന ഒരാളിൽ പശപോലെ പിടിച്ചിരിക്കും എന്നു പറയാറില്ലേ?വാസനാതലത്തിൽ സങ്കല്പം ഉയർന്നുവരുന്നതാണ് ദൈവത്തിന്റെ ചിത്രരചനയുടെ മൂന്നാംഘട്ടം. സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന പ്രപഞ്ചത്തിന്റെ രൂപരേഖ തയ്യാറാക്കുകയാണ് സങ്കല്പത്തിന്റെ ധർമ്മം. അത് വാസനയ്ക്ക് അനുസരിച്ചാണ് തയ്യാറാകുന്നത്. സങ്കല്പതലത്തിലെത്തിയ ബോധത്തെ അഥവാ ബ്രഹ്മത്തെയാണ് നമ്മൾ പ്രാണൻ എന്നുവിളിക്കുന്നത്. വേദങ്ങൾ അതിനെ ഹിരണ്യഗർഭൻ എന്നും സംബോധന ചെയ്യുന്നുണ്ട്. പ്രജാപതിയെന്നും ബ്രഹ്മാവെന്നുമെല്ലാം ഈ അവസ്ഥയിലുള്ള ബ്രഹ്മത്തെ നാമരൂപത്തിൽ വിളിക്കുന്നതാണ്.
സങ്കല്പം ഉണർന്നാൽ പിന്നെ വിവിധവർണങ്ങളിലുള്ള ചായം വേണ്ടവിധം സൂക്ഷ്മതയോടെ ഉപയോഗിച്ച് ചിത്രം പൂർണമാക്കുന്ന നാലാംഘട്ടമാണ്. അതാണ് പ്രപഞ്ചവൈവിദ്ധ്യം. ഒരു അണുവിനുപോലും രൂപവും വർണവും ഭാവവുംകൊടുക്കാൻ വിട്ടുപോകാത്തത്ര സൂക്ഷ്മമാണ് സൃഷ്ടിയെന്നു പറയുന്നത്. അപ്പോൾ സങ്കല്പമണ്ഡലത്തിലാണ് ഈ പ്രപഞ്ചം മുങ്ങിനിറഞ്ഞ് നിൽക്കുന്നത് എന്ന് വ്യക്തമാണല്ലോ. ഈ സങ്കല്പമണ്ഡലമാണ് മനസ് എന്ന് പറയുന്നത്. അതൊരാളിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന പ്രതിഭാസമല്ല. അത് എല്ലായിടവും നിറഞ്ഞിരിക്കുന്നതാണ്. അതിനെയാണ് വിരാട്പുരുഷൻ എന്ന് ഭഗവദ് ഗീത വിശേഷിപ്പിച്ചത്.ഇതൊക്കെ ഉള്ളിൽ വച്ചുകൊണ്ട് നിങ്ങൾ നിങ്ങളിലേക്കും ലോകത്തേക്കും നോക്കൂ. നാം ഇവിടെ ഉണ്ടാക്കിയെന്ന് അഹങ്കരിക്കുന്ന വസ്തുക്കളും ഇതേ പ്രക്രിയയിലൂടെയല്ലേ ഉണ്ടായത്. ഉദാഹരണത്തിന് റൈറ്റ് സഹോദരന്മാർ വിമാനം ഉണ്ടാക്കിയത് എങ്ങനെയാണ്? അങ്ങനെയൊന്ന് വേണമെന്ന വാസനയാണ് അവരിൽ ആദ്യമുണർന്നത്. പിന്നെ അതിനൊരു രൂപരേഖ സങ്കല്പിച്ചു. ആ സങ്കല്പത്തെ ബുദ്ധിയും അറിവും കർമ്മവുംകൊണ്ട് യാഥാർത്ഥ്യമാക്കി. അവരിൽ അതിനായി പ്രവർത്തിച്ച അതേ ചേതനനാണ് അവരും നമ്മളുമടക്കമുള്ള ഈ പ്രപഞ്ചവും ഇതേപോലെ സൃഷ്ടിച്ചത്. അതുകൊണ്ടാണ് അവനവനിലേക്ക് നോക്കിയാൽ പ്രപഞ്ചരഹസ്യം അറിയാമെന്ന് ഭഗവാൻ മൊഴിയുന്നത്.
ഒരു ചിത്രകാരൻ ഇവിടെ ചിത്രം സൃഷ്ടിക്കുന്നുവെങ്കിൽ അവനടക്കമുള്ള പ്രപഞ്ചത്തെ അതിനേക്കാൾ സൂക്ഷ്മമായി വരച്ചു സൃഷ്ടിച്ച അതേ ചേതനൻ അവനിൽ അതിന്റെ ഒരു മിനിയേച്ചർ വാസനയായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് കലാകാരന്മാർ ഈശ്വരാനുഗ്രഹമുള്ളവരാണെന്നു പറയുന്നത്. പക്ഷേ, അവർ അത് തിരിച്ചറിയാതെ സ്വന്തം കഴിവാണെന്ന് അഹങ്കരിക്കുന്നത് നേരത്തേ പറഞ്ഞ മായാമൂടുപടത്തിലെ പശയുടെ സ്വാധീനംകൊണ്ടാണ്. ഞാനെന്നഭാവം നമ്മിൽ നിന്ന് വിട്ടുപോകാത്തത് ഈ പശകാരണമാണ്. ആ പശയിലാണ് നമ്മുടെ ശരീരവും മനസും രൂപപ്പെട്ടിരിക്കുന്നത്. അപ്പോൾ ശരീരം സ്ഥൂലജഡവും മനസ് സൂക്ഷ്മജഡവുമാകുന്നു. ഈ മനസിൽനിന്ന് റിവേഴ്സ് ഗിയറിൽ സഞ്ചരിച്ചാൽ ശുദ്ധബ്രഹ്മത്തിൽ തിരികെയെത്താം. അങ്ങനെ സാധിക്കുന്നവർ പിന്നെ ശുദ്ധബ്രഹ്മം തന്നെയാണ്. അവർ മനസിന്റെ പിടിയിലായിരിക്കില്ല. മനസ് അവരുടെ പിടിയിലായിരിക്കും.