ശ്രീനാരായണ ഗുരുദേവന്റെ ദിവ്യമഹാസമാധികൊണ്ട് വർക്കല ശിവഗിരി ഇന്ന് ഭുവനപ്രസിദ്ധമാണ്. ഒരു കാലത്ത് ദക്ഷിണ കാശിയെന്ന് അറിയപ്പെട്ടിരുന്ന വർക്കല നിരവധി സവിശേഷതകൾ കൊണ്ട് ചരിത്രത്തിൽ സ്ഥാനം പിടിച്ച പുണ്യഭൂവാണ്. 1904-ൽ ഗുരുദേവൻ വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ചതോടെ വർക്കലയുടെ മഹിമാവ് ഗുരുദേവനിൽ കേന്ദ്രീകൃതമായി. ലോകമെമ്പാടും അധിവസിക്കുന്ന ശ്രീനാരായണീയരുടെ ആത്മീയ തലസ്ഥാനമാണ് ശിവഗിരി. ആത്‌മസാധകരെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഋഷിവാടമായി ശിവഗിരി. ശ്രീ ശ്രീ രവിശങ്കർ ലോകത്തിലെ കൈലാസമാണ് ശിവഗിരിയെന്ന് വിലയിരുത്തി. പ്രസിദ്ധ ക്രൈസ്തവ ദാർശനികനായ മാർ ഗ്രിഗോറിയോസ് തിരുമേനി ശിവഗിരിയെ മതേതരത്വത്തിന്റെ ഗിരിശൃംഗമായി കണ്ടു. ആദ്ധ്യാത്മ സാധകരുടെ പുണ്യഭൂവായി സ്വാമി ചിന്മയാനന്ദൻ വിലയിരുത്തി.
ശിവഗിരി തികച്ചും പ്രശാന്ത സുന്ദരമാണ്. ഇവിടെ വലിയ ആർഭാടങ്ങളും ഉത്സവങ്ങളുമില്ല. എന്നാൽ ആത്മീയവും ഭൗതികവുമായ സമസ്ത വിഷയങ്ങളെക്കുറിച്ചും ഇത്രയേറെ ചർച്ചകളും ജ്ഞാനമീമാംസകളും നടന്നിട്ടുള്ള മറ്റൊരു ആദ്ധ്യാത്മ കേന്ദ്രവും കാണാനാകില്ല. ആത്മീയ സാമൂഹിക സാംസ്കാരിക കലാരംഗത്തുള്ള അതിപ്രശസ്തരും അപ്രശസ്തരുമായ അതിമാനുഷന്മാരുടെ പ്രവാഹം തന്നെ അനുദിനമെന്നോണം ശിവഗിരിയിൽ സംഭവിക്കാറുമുണ്ട്. ഗുരുദേവ മഹാസമാധിയുടെ നവതി പ്രമാണിച്ച് നടന്നുവരുന്ന മണ്ഡല മഹാമഹം ഇവിടെ ഇന്നുവരെ നടത്തപ്പെട്ട പരിപാടികളിൽ എത്രയും ശ്രദ്ധേയമായി എന്ന് വിലയിരുത്തപ്പെടുന്നു. സെപ്തംബർ 21 മുതൽ ഇതുവരെയുള്ള ദിനങ്ങളിൽ പതിനായിരങ്ങൾ ഇവിടെ ഒഴുകിയെത്തി. ശിവഗിരി തീർത്ഥാടനവേളകളിൽ കാണപ്പെടുന്ന ഭക്തജനപ്രവാഹമെന്നവണ്ണം ഈ അനുഷ്ഠാനദിനങ്ങളും മാറിപ്പോയിരിക്കുന്നു.
ഗുരുദേവൻ മഹാപരിനിർവാണം പ്രാപിച്ച വൈദീകമഠത്തിൽ അഹോരാത്രം നടന്നുവരുന്ന അഖണ്ഡനാമ ജപയജ്ഞത്തിൽ പങ്കെടുക്കുന്ന പതിനായിരങ്ങൾ നിർവൃതരാകുന്നു. അതുപോലെ മഹാസമാധി മന്ദിരാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിൽ ഗുരുദേവകൃതമായ ഹോമമന്ത്രമുപയോഗിച്ചുകൊണ്ടുള്ള ശാന്തിഹോമയജ്ഞവും ഗുരുദേവൻ സശരീരനായിരുന്നപ്പോൾ ശിഷ്യോത്തമനായ ശ്രീചൈതന്യ സ്വാമികൾ രചിച്ച ഗുരുപൂജാവിധാനമനുസരിച്ചുള്ള സമൂഹാർച്ചനയും യജ്ഞാചാര്യനായ ധർമ്മസംഘാദ്ധ്യക്ഷന്റെ പ്രഭാഷണങ്ങളും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
ഗുരുദേവന്റെ പ്രഥമ ശിഷ്യനായ ശിവലിംഗ സ്വാമികളും കുമാര മഹാകവിയും ഗുരുദേവനു നൽകിയ വിശേഷണം സർവലോകാനുരൂപൻ എന്നാണ്. സർവ ലോകങ്ങൾക്കും സർവലോകർക്കും അനുരൂപമായ വ്യക്തിപ്രഭാവമായിരുന്നു ഗുരുദേവൻ. പാശ്ചാത്യനും പൗരസ്ത്യനും ഗുരുദേവദർശനം ഒരുപോലെ സ്വീകാര്യമാകുന്നു. ഈ നിലയിൽ ജീവിതത്തിന്റെ സമസ്ത മേഖലകളും അന്യൂനമായ വ്യക്തിപ്രഭാവത്തോടെ വിരാജിച്ച, മഹാനമനീഷികൾക്കു പോലും ഗുരുദേവ ദർശനം സ്വീകാര്യമായി. ലക്ഷക്കണക്കിന് ഭക്തന്മാരും പതിനായിരക്കണക്കിന് അനുയായികളും നൂറുകണക്കിന് സംന്യസ്ത ഗൃഹസ്ഥശിഷ്യന്മാരും ഗുരുദേവനുണ്ടായി. ഈ ശിക്ഷ്യോത്തമൻമാരെ സ്മരിച്ചുകൊണ്ടുള്ള ആചാര്യ സ്മൃതി നവതിയാചരണ പരിപാടിയിൽ അതിമഹത്തായൊരു വിജ്ഞാനദാനയജ്ഞമായി.
ഗുരുചരിതം രചിക്കാൻ മുന്നോട്ടുവന്ന നടരാജരോടും (നടരാജ ഗുരു), ടി.കെ. മാധവനോടും ''നമ്മളുടെ ചരിത്രമെഴുതിയാൽ ആളുകൾ വിശ്വസിക്കുമോ! ഇനി അവിശ്വാസികളുടെ കാര്യമാണ് വരാൻ പോകുന്നതെന്ന് " ഗുരുദേവൻ തന്നെ അരുളിചെയ്തിട്ടുണ്ട്. അതിനാൽ ഗുരുചരിതമെഴുതിയവരെല്ലാം ആളുകൾ അവിശ്വസിക്കുമോ എന്നു ഭയപ്പെട്ട് ഗുരുചരിതത്തിന്റെ പ്രധാന മേഖലകളിലെ സുപ്രധാനമായ ഏടുകൾ തന്നെ എഴുതാതെ വിട്ടുകളഞ്ഞിട്ടുണ്ട്. അതുപോലെ ഗുരുദേവ ശിഷ്യന്മാരുടെ ജീവിതഭാവങ്ങളും അനവധാനതയിൽ ഉപേക്ഷ വിചാരിക്കുകയാണ് എല്ലാവരും തന്നെ ചെയ്തുപോന്നിട്ടുള്ളത്.
കഴിഞ്ഞ മുപ്പത്തിയഞ്ചുദിനങ്ങളിലായി മഹാഗുരുവിന്റെ പ്രശസ്തരും അപ്രശസ്തരുമായ എഴുപതോളം ശിഷ്യന്മാരുടെ ജീവിതവും അവരുടെ രചനകളുമെല്ലാം സമൂല പഠനവിഷയമായി. ഗുരുദേവ പഠിതാക്കളോ ഗവേഷകരോ എത്തിനോക്കാത്ത ഗുരുദേവ - ശിഷ്യമഹത്തുക്കളുടെ ദീപ്തജീവിതചര്യകളുടെ അന്തർഭാവങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആ മഹത്തുക്കളുടെ പുണ്യചരിതകൾ അനുവാചകസമക്ഷം അവതരിപ്പിച്ചപ്പോൾ അത് എത്രയും അനുപമമേയമായ അനുഭവമായി. കാലഘട്ടത്തിന്റെ ദീപ്തമായ ചരിത്രം സ്വന്തം ജീവിതഗാത്രവുമായി അഭേദ്യമാംവിധം വിളക്കിച്ചേർത്ത വ്യക്തിത്വമാണ് ഗുരുവിന്റേത്. ഭാസുരമാർന്ന ഗുരുചരിതത്തിൽ ഡോക്ടർ പല്പു മുതൽ സി. കേശവൻ വരെയുള്ള ഗൃഹസ്ഥശിഷ്യരും ശിവലിംഗസ്വാമി മുതൽ ആനന്ദതീർത്ഥർ വരെയുള്ള സംന്യസ്ത ശിഷ്യരുമുണ്ട്. അയ്യൻകാളി, മന്നത്തു പദ്‌മനാഭൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, ചങ്ങനാശേരി പരമേശ്വരൻപിള്ള, വി.ടി. ഭട്ടതിരിപ്പാട്, കെ. കേളപ്പൻ, പൊയ്കയിൽ കുമാര ഗുരുദേവൻ, ശുഭാനന്ദ ഗുരുദേവൻ, കേശവശാസ്ത്രി, ജസ്റ്റിസ് സദാശിവ അയ്യർ, കൊപ്രത്ത് ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങി എത്ര മഹനീയരാണ് ഗുരുദേവനിൽ നിന്നും ഊർജ്ജം നേടി സാമൂഹികവും ആദ്ധ്യാത്മികവുമായ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചത്. ശ്രീനാരായണ സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്തിരുന്ന ഈ ഉപഗ്രഹങ്ങൾ സാമൂഹിക വിപ്ളവത്തിന്റെ ചാലക ശക്തികളായി മാറി. ഗുരുദേവൻ കേന്ദ്രബിന്ദുവായി രാജ്യത്ത് സംഭവിച്ച നവോത്ഥാന വിപ്ളവ പ്രക്രിയയിൽ തനതായ സംഭാവനകൾ ചെയ്ത ഈ വ്യക്തിത്വങ്ങളെ ആചാര്യസ്മൃതിയിൽ സവിശേഷം അനുസ്മരിച്ചത് അനുവാചകലോകത്തിന് പുതുപുത്തൻ അനുഭവമായിരുന്നു.
വിസ്മൃതിയുടെ ആഴത്തിലേക്ക് ആണ്ടുപോയ മഹാനുഭാവന്മാരുടെ സംഭാവനകളെ മുങ്ങിത്തപ്പിയെടുത്ത് അനുവാചക സമക്ഷം അവതരിപ്പിക്കുവാൻ ശിവഗിരി മഠത്തിലെ സന്യാസിമാരും ബ്രഹ്മചാരികളും എസ്.എൻ.ഡി.പി യോഗത്തിലെ ഗവേഷക ചതുരരായ ധർമ്മപ്രചാരകരും സ്വയം തയ്യാറായി മുന്നോട്ടുവന്നപ്പോൾ അതെത്രയും അനുഗ്രഹപ്രദമായി ചാരം മൂടിക്കിടന്ന കനൽക്കട്ടകളുടെ ദീപ്തമായ ശോഭയെ തെളിഞ്ഞനുഭവിക്കുവാൻ ആചാര്യ സ്മൃതിയിലൂടെ ആയിരങ്ങൾക്കു സാധിച്ചു.
നവതി ആചരണ പരിപാടികൾ പര്യവസാനിക്കുന്നത് ഒക്ടോബർ 31നാണ്. വിദ്യാഭ്യാസ സമ്മേളനം, തൊഴിലാളി സമ്മേളനം, സ്‌ത്രീസമാജ സമ്മേളനം, ആദ്ധ്യാത്മ സമ്മേളനം തുടങ്ങി മഹത്ത്വപൂർണമായ സമ്മേളനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ശിവഗിരി ഒരിക്കൽ പോലും കാണാത്ത ജനലക്ഷങ്ങൾ ഈ മണ്ഡല മഹാമഹ വിജ്ഞാനദാനയജ്ഞത്തിലൂടെ ശിവഗിരിയിലെത്തി യഥാർത്ഥ ശ്രീനാരായണീയരായി മാറുവാൻ സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. ശിവഗിരിയുടെ പരിപാവനതയും ആദ്ധ്യാത്മചൈതന്യവും അകം കുളിർക്കെ അനുഭവിച്ചറിയുവാൻ ശിവഗിരി മഠവും യോഗവും സംയുക്തമായ സഹകരണത്തോടെ ഇപ്രകാരമൊരു ശ്രീനാരായണീയ മഹാ സംഗമം സംഘടിപ്പിക്കുവാൻ കാലത്തിന് ഇത്രയും കാത്തിരിക്കേണ്ടതായി വന്നു. ഗുരുദർശനത്തിന്റെ അകക്കാമ്പ് ദർശിച്ച് അനുഗ്രഹീതരായാൽ യഥാർത്ഥ ശ്രീനാരായണീയരാകാൻ ഈ മഹിതമഹായജ്ഞം പ്രേരണാശക്തിയായി നിലകൊള്ളുന്നുവെന്നത് നിസ്തർക്കമാണ് എന്ന് പറയാതിരിക്കാനാവില്ല.