ഒരാൾ മുറിയിലേക്കു കടന്നു വരുന്നു. അല്‌പം ഗൗരവത്തിലാണ്. പരിചയപ്പെടുത്തലിനൊന്നും കാത്തുനില‌്‌ക്കാതെ പെട്ടെന്നൊരു ചോദ്യം:
''ആത്മാവുണ്ടോ?""
''ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം വരാൻ കാരണം?""
''നിങ്ങളൊക്കെ ഇവിടെ ആത്മാവിനെപ്പറ്റിയാണല്ലോ പഠിപ്പിക്കുന്നത്?""
''നിങ്ങളുടെ അഭിപ്രായമെന്താ? ആത്മാവുണ്ടെന്നോ ഇല്ലെന്നോ?""
''ഇല്ലെന്ന്.""
''നിങ്ങളുണ്ടോ?""
''ഉണ്ടല്ലോ? അതുകൊണ്ടല്ലേ ഇവിടെനിന്ന് ഇങ്ങനെ ചോദിക്കുന്നത്?""
''ആത്മഹത്യ എന്നാൽ എന്താ അർത്ഥം?""
''ഞാൻ എന്നെത്തന്നെ കൊല്ലുക.""
''അവിടെ ആത്മാവ് എന്നതിന് എന്താ അർത്ഥം?""
''ഞാൻ എന്ന്.""
''അപ്പോൾ 'ആത്മാവില്ല" എന്നു പറഞ്ഞാൽ, 'ഞാനില്ല" എന്നല്ലേ അർത്ഥം? 'ഞാനില്ല" എന്നു നിങ്ങൾക്കു പറയാനാകുമോ?"
''ഇല്ല.""
''നിങ്ങളുണ്ട് എന്ന് നിങ്ങൾക്കു തീർച്ചയില്ലേ?""
''ഉണ്ട്.""
''ഉള്ളത് ഇല്ലാതാകുമോ? ഉള്ളതിനെ ഇല്ലാതാക്കാനാകുമോ? രൂപഭേദം വരുത്താനല്ലേ ആവൂ?""
''അതെ.""
''നിങ്ങൾ ഉള്ളതാണോ?""
''ആണല്ലോ?""
''ഉള്ള നിങ്ങൾ ഇല്ലാതാകുമോ? രൂപഭേദം വരുകയല്ലേ ചെയ്യൂ?""
''ഇല്ലാതാകില്ല. രൂപഭേദം വരുക മാത്രമേ ചെയ്യൂ.""
''രൂപഭേദം വരണമെങ്കിൽ അതിന് ഒരു ആധാരസത്യം വേണ്ടേ? ജലം എന്ന ഒരു ആധാരസത്യത്തിന് നീരാവി, മേഘം, വെള്ളം, മഞ്ഞ്, മഞ്ഞുകട്ട, തോട്, നദി, സമുദ്രം എന്നിങ്ങനെ പല പല രൂപഭേദങ്ങൾ ഉണ്ടാകാം. എല്ലാറ്റിലും ഉള്ള സത്യം ഒന്നാണ്. അതുപോലെ നിങ്ങൾക്ക് രൂപഭേദം വന്നുകൊണ്ടിരിക്കുമ്പോഴും, ഏതൊരു വസ്‌തുവിനാണോ ആ രൂപഭേദമുണ്ടാകുന്നത് അതിനെ കണ്ടെത്തുക. അതാണ് മാറ്റമില്ലാത്ത നിങ്ങൾ. ആ മാറ്റമില്ലാത്ത നിങ്ങളെ നിങ്ങൾ തന്നെ അറിഞ്ഞാൽ ഈ ചോദ്യം ഉണ്ടാവുകയില്ല..""