തിരുവനന്തപും : കായിക മേള രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ മത്സരിച്ച രണ്ടിനങ്ങളിലും സ്വർണതിളക്കത്തിലാണ് തിരുവനന്തപുരം സായിലെ സൽമാൻ ഫാറൂഖ്. ഇന്നലെ ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പൊന്നണിഞ്ഞ സൽമാൻ ആദ്യദിനം 3000 മീറ്റലും ഒന്നാമതെത്തിയിരുന്നു. രണ്ടര പതിറ്റാണ്ട് മുമ്പ് പിതാവിന് നഷ്ടമായത് തനിക്ക് നേടിയെടുക്കാൻ കഴിഞ്ഞുവെന്നത് ഇരട്ട സ്വർണം നേട്ടത്തിൽ സൽമാന്റെ സന്തോഷം ഇരട്ടിയാക്കുന്നു. 1991ൽ തിരുവല്ലയിൽ നടന്ന സ്കൂൾ കായികമേളയിൽ 5000 മീറ്ററിലാണ് സൽമാന്റെ പിതാവ് ഷക്കീർ മത്സരിച്ചത്. എന്നാൽ ഏറെ ആഗ്രഹിച്ച മെഡൽ സ്വപ്നം യാഥാർത്ഥ്യമായില്ല. പിന്നീട് മത്സരവേദികളിൽ പ്രത്യക്ഷപ്പെടാനും അവസരം ലഭിച്ചില്ല. എന്നാൽ വാപ്പയുടെ ആഗ്രഹം ഒരു സ്വർണം മാത്രമായിരുന്നെങ്കിൽ 62-ാമത് കായികമേയിൽ തൊട്ടതെല്ലാം പൊന്നാക്കിയിരിക്കുകയാണ് സൽമാൻ. മകൻ സ്വർണത്തിലേക്ക് കുതിക്കുന്നതു കാണാൻ പിതാവ് ഷക്കീർ കോട്ടയത്തെ കച്ചവടതിരക്കുകൾക്ക് അവധി നൽകി തിരുവനന്തപുരത്ത് എത്തിയിരുന്നു. ദേശീയതലത്തിൽ മെഡൽ നേടിയ ശേഷം അവൻ ആഗ്രഹിക്കുന്നത് പോലെ എയർഫോഴ്സിൽ ജോലി ലഭിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്ന് ഷക്കീർ കേരള കൗമുദിയോട് പറഞ്ഞു. ഇരട്ട സ്വർണത്തിൽ തിളങ്ങി നില്ക്കുന്ന മകനെ കണ്ട സന്തോഷത്തിൽ ഇന്നലെ ഉച്ചയോടെ നാട്ടിലേക്ക് മടങ്ങി.
കോട്ടയം സ്വദേശിയായ സൽമാൻ രണ്ട് വർഷം മുമ്പാണ് സായിലെത്തുന്നത്. ആറാം ക്ലാസ് മുതലാണ് കായികരംഗത്ത് ഇറങ്ങിയത്. കൂട്ടിക്കലിലെ വീട്ടിൽ നിന്നും 20കിലോ മീറ്റർ അകലെയുള്ള കോരിത്തോട് സി.കെ.എം എച്ച്.എസ്.എസിലായിരുന്നു പഠനം. പ്രാക്ടീസ് ഉള്ളതിനാൽ രാവിലെ 4.30ന് ഉമ്മ ഷിബിന അലാറം വച്ച് മകനെ വിളിച്ചുണർത്തും. 5.30തോടെ ബസിൽ കയറി സ്കൂളിലെത്തും. പരിശീലനവും പഠനവും കഴിഞ്ഞ് രാത്രി എട്ടോടെ മടക്കം. 2 വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ഒൻപതാം ക്ലസിൽ സായിലെത്തുന്നത്. ജോയി ജോസഫാണ് പരിശീലകൻ. കഴിഞ്ഞ വർഷം 3000 മീറ്ററിൽ സ്വർണവും 1500ൽ വെങ്കലവും നേടിയിരുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന സൽമാന്റെ സഹോദരി ഷഹാന മൈമൂനെയെയും അടുത്തവർഷം മുതൽ പരിശീലിപ്പിക്കാനൊരുങ്ങുകയാണ് വീട്ടുകാർ. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ കണ്ണൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ വിഷ്ണു ബിജു വെള്ളിയും കോതമംഗലം മാർബേസിലിലെ അമിത്.എൻ.വി വെങ്കലവും നേടി.