trafficblock

ആറ്റിങ്ങൽ: വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന ആറ്റിങ്ങലിൽ ദേശീയപാത മുറിച്ചുകടക്കണമെങ്കിൽ സർക്കസ് അറിഞ്ഞിരിക്കണം! വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വച്ച് റോഡ് മുറിച്ചുകടക്കണമെങ്കിൽ അഭ്യാസിയാകാതെ രക്ഷയില്ല. ഇല്ലെങ്കിൽ മണിക്കൂറുകളോളം കാത്തു നിൽക്കണം.

തലനാരിഴയ്ക്കാണ് കാൽനടയാത്രക്കാർ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. വിദ്യാർത്ഥികളും പ്രായമായവരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് റോഡിൽ യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ്. പ്രത്യേകിച്ച്, വൺവേയായ കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേനാലുമുക്ക് വരെ. പൊതുവേ വീതികുറഞ്ഞതാണ് ഈ ഭാഗത്തെ റോഡ്.

കച്ചേരിനടയിൽ സബ്ട്രഷറിക്ക് മുൻവശം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കിഴക്കേനാലുമുക്ക്, ഗ്രന്ഥശാലക്ക് സമീപം, സി.എസ്.ഐ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഏറെ പ്രശ്നം. കാൽനടക്കാർക്കായി ഇവിടങ്ങളിൽ മേല്പാലങ്ങൾ വേണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പക്ഷേ, അധികൃതർ കേട്ടതായിപ്പോലും നടിക്കുന്നില്ല. അപകടങ്ങളുണ്ടാകുമ്പോൾ ഒാടിയെത്തുന്ന ജനപ്രതിനിധികൾ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാകുന്നില്ല.

പലയിടങ്ങളിലും ഫുട്പാത്തുകൾ പോലുമില്ല. ചിലയിടങ്ങളിൽ ഫുട്പാത്തിലെ അനധികൃത കച്ചവടവും അനധികൃത പാർക്കിംഗും കൂടിയാകുമ്പോൾ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയും. വഴിയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അമിതവേഗതയിലാണ് വാഹനങ്ങൾ പലതും പായുന്നതെന്ന് നാട്ടുകാർ പറയുന്നു.

നിരവധി കച്ചവട സ്ഥാപനങ്ങളും മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള ഒട്ടനവധി സർക്കാർ ഒാഫീസുകളും അമ്പതോളം പാരലൽ കോളേജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആറ്റിങ്ങൽ നഗരത്തിൽ മാത്രമുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിനുപേരാണ് നിത്യവും ഇവിടെയെത്തുന്നത്. പക്ഷേ, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽപ്പോലും പൊലീസിന്റെയോ ട്രാഫിക് വാർഡന്റെയോ സേവനം ലഭ്യമല്ല.

മേല്പാലം അത്യാവശ്യം
കാൽനടക്കാർക്ക് സീബ്രാ ലൈനിലൂടെപ്പോലും റോഡ് മുറിച്ചുകടക്കാനാവാത്ത സ്ഥിതിയാണ്. വൺവേയുടെ കാര്യം പറയാനുമില്ല. ഏറെനേരം കാത്തു നിന്നാലാണ് മറുവശത്തേയ്ക്ക് പോകാനാകുന്നത്. അതുകൊണ്ട് പാതാ വികസനം നടത്തുന്ന കൂട്ടത്തിൽ അത്യാവശ്യം വേണ്ടിടത്ത് മേല്‌പാലം കൂടി നിർമ്മിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം.

ദീപക് രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി, സോഷ്യലിസ്റ്റ് ജനതാദൾ (എൻ.ഡി.എ വിഭാഗം)