politics

നെടുമങ്ങാട് : വാടകക്കെട്ടിടത്തിൽ നിന്ന് നെടുമങ്ങാട് സബ് ട്രഷറിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ''തടസം'' താത്പര്യക്കുറവ്. ട്രഷറി മാറ്റവുമായി ബന്ധപ്പെട്ട് ധകാര്യവകുപ്പിന്റെ അനുവാദം ലഭിക്കുന്നില്ലെന്ന ന്യായം പറഞ്ഞ ചിലരുടെ ഒളിച്ചുകളി ട്രഷറി ഡയറക്ടറുടെ വിവരാവകാശ രേഖയിലൂടെ പൊളിഞ്ഞു.പുതിയ കെട്ടിടത്തിലേക്ക് ട്രഷറി മാറ്റാൻ അനുവാദം നൽകിയതായാണ് രേഖ വ്യക്തമാക്കുന്നത്.എന്നാൽ,പി.ഡബ്ലിയു.ഡി മുഖേനെ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഷിഫ്റ്റിംഗ് ചെലവുകൾക്കായി ട്രഷറി ഡയറക്ടർ ആവശ്യപ്പെട്ട തൊണ്ണൂറായിരം രൂപ അനുവദിച്ചിട്ടുണ്ടെന്നും ധനകാര്യ ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.സെപ്തംബർ 15 ന് ട്രഷറി ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി നൽകി ഉത്തരവായത്.സബ് ട്രഷറി ഓഫീസർ വിവരം ജനപ്രതിനിധികളെ രേഖാമൂലം ധരിപ്പിച്ചിരുന്നുവെന്നാണ് അറിയുന്നത്.എം.എൽ.എയുടെയും നഗരസഭ ചെയർമാന്റെയും സാന്നിദ്ധ്യത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരണമാണ് ട്രഷറി മന്ദിരം ഉദ്‌ഘാടനത്തിന് അവശേഷിക്കുന്ന കടമ്പ.വൃദ്ധരും രോഗികളുമായ പെൻഷൻകാർ വാടകക്കെട്ടിടത്തിലെ പടിക്കെട്ടുകൾ താണ്ടി വലയുമ്പോഴും ട്രഷറി മന്ദിരം ഉദ്ഘാടനത്തിന് താത്പര്യമെടുക്കുന്നില്ലെന്നതാണ് വസ്തുത.

നിർമ്മാണ ചെലവ്......2.10 കോടി

പൊളിച്ചടുക്കി വിവരാവകാശ രേഖ

പുതിയ കെട്ടിടത്തിലേയ്ക്ക് ട്രഷറി മാറ്റാൻ കഴിഞ്ഞ 9ന് ധനകാര്യ വകുപ്പ് ഭരണാനുമതി നൽകിയതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. റവന്യൂ ടവർ വളപ്പിൽ നിർമ്മിച്ച പുതിയ കെട്ടിടം ഏറെ നാളായി അടച്ചിട്ടിരിക്കുമ്പോൾ കല്ലിംഗലിലെ വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് ട്രഷറി പ്രവർത്തിക്കുന്നത്.