തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ വീർപ്പുമുട്ടുന്നു. ഒാഫീസിലെ കൗണ്ടറുകളിലുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ പ്രവർത്തനരഹിതമാണ്. അതിനാൽ ടിക്കറ്ര് വരുമാനത്തിന്റെ കണക്കുകൾ കടലാസിൽ എഴുതി സൂക്ഷിക്കേണ്ട അവസ്ഥയാണ്.സിഗിംൾ ഡ്യൂട്ടി ആയതിനാൽ ഒാരോ ദിവസവും രണ്ട് തവണകളായി ടിക്കറ്റ് വരുമാനം അടക്കേണ്ടതുണ്ട്. ഇതുമൂലം സർവീസുകൾ വൈകാനും ഇടവരുന്നു.ഡിപ്പോയിലെ ടോയ്‌ലറ്റിന്റെ സ്ഥിതിയും ഏറെ കഷ്ടമാണ് .സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ടെങ്കിലും ആവശ്യത്തിന് വെള്ളമോ മതിയായ വെളിച്ചമോ ഇല്ല.ഡ്രൈവർമാർ, കണ്ടക്ടർമാർ, ഒാഫീസ് ജീവനക്കാർ എന്നിങ്ങനെ 1200 ഒാളം ജീവനക്കാരാണ് ഡിപ്പോയിലുള്ളത്.മുൻപ് 142 സർവീസുകളാണ് സിറ്റി ഡിപ്പോയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇൗഞ്ചക്കൽ ഡിപ്പോ അടച്ചുപൂട്ടിയതോടെ അവിടുത്തെ 39 ചിൽ സർവീസുകളും ഇവിടേക്ക് മാറ്റി. അതിനാൽ ബസുകൾക്ക് പാർക്കിംഗ് സൗകര്യവും പരിമിതമാണ്. തിരക്ക് രൂക്ഷമായതിനാൽ സർവീസ് അവസാനിപ്പിക്കുന്ന ബസുകൾ പാർക്ക് ചെയ്യാനും ജീവനക്കാർക്ക് ഏറെ സമയം വേണ്ടിവരുന്നു.
കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഡിപ്പോയാണ് തലസ്ഥാനത്തേത്. ഏറ്റവും കൂടുതൽ സർവീസുകൾ നടക്കുന്നതും ഇവിടെയാണ്. ബസുകളുടെ ആധിക്യം കാരണം ഡീസൽ അടിക്കാൻ എല്ലാ ദിവസവും നീണ്ട ക്യൂവാണ്. സർവീസുകൾ അവസാനിച്ചശേഷമേ ഇന്ധനം നിറയ്ക്കാവൂവെന്നാണ് ചട്ടം. ഇതും ജീവനക്കാരുടെ ഡ്യൂട്ടി സമയം ദീർഘിക്കാൻ ഇടയാക്കുന്നു. മുൻ സി.എം.ഡി ആന്റണി ചാക്കോയുടെ കാലത്ത് ഡ്രൈവർമാരുടെ വിശ്രമമുറികളിലേക്ക് മഴവെള്ളം കയറിയത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇതോടെ ഡിപ്പോയുടെ മുകളിലത്തെ നിലയിൽ ജീവനക്കാർക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന പണികൾ ആരംഭിച്ചെങ്കിലും വൈകാതെ നിലച്ചു. ഫണ്ട് ഇല്ലെന്നതാണ് അധികൃതർ ഇതിനുകാരണമായി ചൂണ്ടിക്കാട്ടിയത്. ഇതുവരെ നിർമാണപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചിട്ടില്ല. എ.സി ബസുകളിൽ 17 എണ്ണവും ഒാർഡിനറി ബസുകളിൽ 25 എണ്ണവും കട്ടപ്പുറത്താണ്. ഇൗഞ്ചക്കൽ ഡിപ്പോയുടെ പ്രവർത്തനം പുനഃരാരംഭിച്ച് കുറച്ച് സർവീസുകൾ അവിടേക്ക് മാറ്റുക, ശുദ്ധജല പ്രശ്നം പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന വിശ്രമസൗകര്യങ്ങളുടെ പണികൾ പൂർത്തിയാക്കുക എന്നി ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്.