pinarayi-vijayan

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയെ ഉന്മൂലം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും കേരളത്തിലെ മതനിരപേക്ഷ മനസാകെ സ്വാമിയോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആക്രമിക്കപ്പെട്ട കുണ്ടമൺകടവിലെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടുന്ന സ്വാമി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. ആശ്രമത്തിനുനേരെ മുൻപും ചില നീക്കങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സ്വാമിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. കപടസന്യാസിമാരെ ഭീഷണിപ്പെടുത്താൻ കഴിയും. യഥാർത്ഥ സ്വാമിമാരെ ഭീഷണിപ്പെടുത്താനാവില്ല.

അത്യാപത്തിൽ നിന്നാണു സന്ദീപാനന്ദ ഗിരി രക്ഷപ്പെട്ടത്. അക്രമത്തിൽ ആശ്രമത്തിനു വലിയ കേടുപാടുണ്ടായിട്ടുണ്ട്. വെന്തുരുകി മരിക്കാൻ ഇടയാക്കുന്ന അപകടമാണ് ഒരുക്കിയത്. ആശ്രമം നശിപ്പിക്കലല്ല, സ്വാമിയെ നശിപ്പിക്കാനായിരുന്നു ശ്രമം. ഇനിയും ഹീനശ്രമം തുടർന്നേക്കാം. നശിപ്പിക്കപ്പെട്ട ആശ്രമം കൂടുതൽ പ്രൗഢിയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ശരിയായ നടപടികളിലൂടെ പൊലീസ് കു​റ്റവാളികളെ കണ്ടെത്തും. ഋഷിതുല്യമായ ജീവിതം നയിച്ച ഗാന്ധിജിയെ കൊലപ്പെടുത്തിയ ശക്തികൾ തുടർന്നും അക്രമങ്ങൾ നടത്തുകയാണ്. കേരളത്തിലെ നവോത്ഥാന നായകർ വഹിച്ച പങ്കാണ് ഇപ്പോൾ സന്ദീപാനന്ദ ഗിരി വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.