h1n1

തിരുവനന്തപുരം: കഴിഞ്ഞ മാസങ്ങളിൽ ഒട്ടേറെ ജീവനെടുത്ത എലിപ്പനിയും ഡെങ്കിയും ഒന്നു ശമിച്ചപ്പോൾ ഭീതി പരത്തി എച്ച് വൺ എൻ വൺ പടരുന്നു. എച്ച് വൺ എൻ വൺ ബാധിച്ച് ഈ മാസം മാത്രം ആറു പേർ മരിച്ചു. ഈ വർഷം ഇതുവരെ 14 മരണം. പനി ബാധിതരുടെ എണ്ണത്തിൽ പെട്ടെന്ന് വർദ്ധന ഉണ്ടായതോടെ ജാഗ്രതാ നിർദ്ദേശം ആരോഗ്യ വകുപ്പ് പുറത്തിറക്കി.

കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ആദ്യം എച്ച് വൺ എൻ വൺ പടർന്നത്. പിന്നീട് സംസ്ഥാനത്താകെ വ്യാപിച്ചു. സെപ്തംബറിൽ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം രോഗികളുടെ എണ്ണം 149 ആയി ഉയർന്നു. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണം. ധാരാളം വെള്ളം കുടിക്കണം. പോക്ഷകമൂല്യമുള്ള ഭക്ഷണം കഴിക്കുകയും വേണം. ഗർഭിണികൾ, ശ്വാസകോശ, ഹൃദയ രോഗികൾ, പ്രമേഹമുള്ളവർ, കാൻസർ ബാധിച്ചവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ

 കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ഛർദ്ദി, വിറയൽ, ക്ഷീണം

പതിവാക്കേണ്ടത്

 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മൂടണം

 കൈകാലുകൾ വൃത്തിയായി സൂക്ഷിക്കണം

 കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം

'' പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ജലദോഷ പനിയോട് സാമ്യമുള്ള എച്ച് വൺ എൻ വണ്ണിന് കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടണം."

ഡോ. ആർ.എൽ. സരിത, ആരോഗ്യവകുപ്പ് ഡയറക്ടർ