swami-sandeepanandha-giri

തിരുവനന്തപുരം: ''തീ കണ്ട് പുറത്തിറങ്ങുമ്പോൾ അതിലിട്ട് കൊല്ലാനായിരുന്നു ശ്രമം. ഭാഗ്യത്തിന് ഇറങ്ങിയില്ല. തന്ത്രികുടുംബം, പന്തളം കൊട്ടാരം, സംഘപരിവാർ എന്നിവരുടെ ഗൂഢാലോചനയാണ് ആക്രമണം. അധികാരം നഷ്ടമാവുമെന്ന പേടിയിൽ സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. ഇതിലൊന്നും പിന്തിരിയില്ല. ശക്തമായി മുന്നോട്ടുപോവും.''- കുണ്ടമൺകടവിലെ ആക്രമിക്കപ്പെട്ട ആശ്രമത്തിലിരുന്ന് സ്വാമി സന്ദീപാനന്ദ ഗിരി കേരളകൗമുദിയോട് പറഞ്ഞു.

?എന്താണ് ആക്രമണ കാരണം

സംഘപരിവാർ ഭഗവദ്ഗീത ദുർവ്യാഖ്യാനം ചെയ്യുകയും ഞാൻ ശരിയായ വ്യാഖ്യാനം നടത്തുകയും ചെയ്യുന്നു. പ്രഭാഷണങ്ങളിൽ അവനവന്റെ ഉള്ളിലെ ദുര്യോധനാധികളെ കാണിച്ചുകൊടുക്കുന്നു. നമ്മുടെ ഉള്ളിലെ ദുർഗുണങ്ങളോട് യുദ്ധം ചെയ്യുന്നില്ലെങ്കിൽ പുറത്ത് യുദ്ധം അനിവാര്യമായി വരും. ഇതാണ് ഞാൻ പറഞ്ഞുകൊടുക്കുന്നത്. സംഘപരിവാർ പഠിപ്പിക്കുന്ന ഗീതാവ്യാഖാനം, കമ്മ്യൂണിസ്റ്റുകൾക്കും മറ്റ് മതവിശ്വാസികൾക്കും നേർക്കുള്ള യുദ്ധത്തിന് ധാർമ്മികത നൽകുന്നതാണ്. എന്റെ ഗീതാവ്യാഖാനം അവർക്ക് കല്ലുകടിയായി.

?മുൻപ് ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോ

കൊല്ലം പുതിയകാവ് ക്ഷേത്രത്തിനടുത്ത് യജ്ഞശാല അലങ്കോലമാക്കപ്പെട്ട ശേഷം ഭാരതീയ വിചാരകേന്ദ്രത്തിലെത്തി പി. പരമേശ്വരനെ കണ്ടു. 'ഒറ്റയ്ക്ക് സംശയം ചോദിച്ചാൽ പറഞ്ഞോളൂ, ആൾക്കൂട്ടത്തോട് പറയരുത് ' എന്നായിരുന്നു പ്രതികരണം. 'പിൻവാങ്ങിയില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും' എന്ന് മുന്നറിയിപ്പും. പ്രഭാഷണ പരമ്പരയ്ക്കിടെ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ ഒരുകൂട്ടരെത്തി ഭീഷണിപ്പെടുത്തി. പിറ്റേന്ന് പ്രഭാഷണം തുടരാൻ ആശ്രമത്തിലെ സ്വാമി അനുവദിച്ചില്ല. എം.ബി. രാജേഷിന്റെ സഹായത്തോടെ പ്രഭാഷണം തുടർന്നു. തുഞ്ചൻപറമ്പിലെ ആക്രമണത്തിൽ നാല് ആർ.എസ്.എസുകാർ അറസ്റ്റിലായി.

?ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലാരാണ്

ബി.ജെ.പി, സംഘപരിവാർ തന്നെ. കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിന്റെയും ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. കലാപത്തിന് അവർ ഫണ്ടൊഴുക്കുകയാണ്. രാഹുൽ ഈശ്വർ വൻതോതിൽ ധനം സമാഹരിക്കുന്നു. കലാപത്തിനായി വയർലെസും അത്യാധുനിക ഉപകരണങ്ങളും ശേഖരിച്ചിട്ടുണ്ട്. ആശ്രമത്തിനു മുന്നിൽ വച്ച റീത്തിൽ പി.കെ. ഷിബുവിന് ആദരാ‌‌ഞ്ജലികൾ എന്നെഴുതിയിട്ടുണ്ട്. പച്ചയ്ക്ക് പെട്രോളൊഴിച്ച് കത്തിക്കണമെന്ന് ബി.ജെ.പിയുടെ അമ്പലപ്പുഴയിലെ നേതാവ് ഫേസ്ബുക്കിൽ എഴുതി.

?ശബരിമല യുവതീപ്രവേശനം അനുകൂലിച്ചതാണല്ലോ പ്രശ്‌നം

ആരാണ് മോക്ഷത്തിന്റെ അധികാരി എന്ന ശബരിയുടെ ചോദ്യത്തിന് സ്ത്രീ-പുരുഷ-ബ്രഹ്മചാരി-ഗാർഹസ്ഥ്യൻ വേർതിരിവില്ലാതെ പരമമായ ഭക്തി മാത്രമാണെന്നാണ് രാമന്റെ മറുപടി. ഇതാണ് സുപ്രീംകോടതിയുടെയും ഉത്തരവ്. ഹിന്ദുവിശ്വാസത്തിലുള്ള മനോഹരമായ തീർപ്പ്. വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം ആചാര ലംഘനമെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. ഇത് എങ്ങനെ ആചാരമായെന്ന് ചോദിച്ചതാണ് തന്ത്രികുടുംബത്തെ പ്രകോപിപ്പിച്ചത്.

?തന്ത്രിമാരും പ്രതിഷേധത്തിലാണല്ലോ

ശബരിമലയിൽ ഉത്സവത്തിന് ഒരു ദിവസം മാത്രമേ തന്ത്രി വേണ്ടതുള്ളൂ. ദേവസ്വം മൂന്നു തന്ത്രിമാരെ വച്ചു. തന്ത്രി 30 പേരെ നിയമിച്ചു. അവിടെ വലിയ മാഫിയയുണ്ട്. ധനികർക്ക് പ്രത്യേക ദർശനം നൽകുന്നു. നടയടച്ചാൽ അന്യസംസ്ഥാനങ്ങളിലെ ധനികരുടെ വീട്ടിൽ ഭീമമായ തുക ഈടാക്കി ഇവർ പൂജ നടത്തുന്നു.

?സർക്കാരിന്റെ പിന്തുണയുണ്ടല്ലോ

സർക്കാരിന്റേത് ജനാധിപത്യത്തിനും മതാതീത ആത്മീയതയ്ക്കുമുള്ള പിന്തുണയാണ്. വ്യക്തിയെന്ന നിലയ്ക്കല്ല പിന്തുണച്ചത്.

?സി.സി ടിവി കാമറ കേടായതാണോ

ആശ്രമത്തിലെ സി.സി ടിവി ഇടിവെട്ടി നശിച്ചതാണ്. ശരിയാക്കാൻ കൊടുത്തു, വാങ്ങാൻ 50,000 രൂപ വേണം. കൈയിൽ കാശുണ്ടായിരുന്നില്ല. സെക്യൂരിറ്റിക്കാരനായ ആട്ടോഡ്രൈവർ വൈകിട്ട് വന്ന് രാവിലെ പോവുകയാണ് പതിവ്. ബുധനാഴ്ച മോട്ടോർ സ്വിച്ച് ഓൺ ചെയ്യാത്തതിന് ശകാരിച്ചു. വെള്ളിയാഴ്ച വൈകിട്ടെത്തി ഇനി വരുന്നില്ലെന്ന് പറഞ്ഞ് പോയി. ആരോടെങ്കിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ടാവണം. വാച്ച് മാൻ ഇല്ലെന്ന് അക്രമികൾക്ക് അറിയാമായിരുന്നു.

?പൊലീസ് സംരക്ഷണം തേടിയോ

തേടിയിട്ടില്ല. പൊലീസ് സംരക്ഷണത്തിൽ ധർമ്മം പറയുന്നത് ആദ്ധ്യാത്മികതയ്ക്ക് നാണക്കേടാണ്. ചെയ്യുന്നെങ്കിൽ ഇനിയും ചെയ്യട്ടെ.