കണ്ണൂർ : ശബരിമലയിലെ വിശ്വാസ സമരം ബി.ജെ.പി ദേശീയ നേതൃത്വം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയതിനൊപ്പം അയ്യപ്പഭക്തന്മാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മുന്നറിയിപ്പ് നൽകി.
കണ്ണൂരിൽ ശരണംവിളിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ജില്ലാകമ്മിറ്റി ഒാഫീസായ മാരാർജി മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഇടതു സർക്കാരിനെ ഷാ നിശിതമായി വിമർശിച്ചത്.
അയ്യപ്പ ഭക്തരെ അടിച്ചമർത്തുന്നത് തീക്കളിയാണ്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ. ആയിരക്കണക്കിന് ഭക്തരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. ഇവർ ആരുടെ മുതലാണ് നശിപ്പിച്ചത്? ജെല്ലിക്കെട്ട്, മുസ്ളിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം, വാരണാസി, സുന്നി-ഷിയാ തർക്കം തുടങ്ങിയ വിഷയങ്ങളിലെ പല കോടതിവിധികളും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇൗ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ സർക്കാർ അനാവശ്യ ധൃതി കാട്ടുകയാണ്.
ഇതിന്റെ നൂറിലൊരംശമെങ്കിലും പ്രയത്നം പ്രളയ ബാധിതരെ രക്ഷിക്കാൻ കാട്ടിയിരുന്നോ? ബഹു ഭാര്യാത്വം, വിധവാ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ ഹിന്ദുക്കൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. രാജ്യത്ത് വൈവിദ്ധ്യങ്ങളായ ആചാരങ്ങളാണ് ഉള്ളത്. പുരുഷൻമാരെ കയറ്റാത്ത ക്ഷേത്രങ്ങളുമുണ്ട്. അതിനാൽ സ്ത്രീ-പുരുഷ തുല്യത നടപ്പാക്കാനെന്ന വാദം നിലനിൽക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം.നടപ്പാക്കാൻ സാധിക്കുന്ന വിധികൾ മാത്രം പുറപ്പെടുവിക്കാൻ കോടതികൾ ശ്രദ്ധിക്കണമെന്നും അമിത് ഷാ പറഞ്ഞു.
പതിന്നാലാം വകുപ്പ് ചൂണ്ടിക്കാട്ടി ഇങ്ങനെയൊരു വിധി പറയുമ്പോൾ ഏതു മതത്തിലും വിശ്വസിക്കാനുള്ള 25, 26 വകുപ്പുകളാണ് ലംഘിക്കപ്പെട്ടത്. സ്ത്രീകൾക്ക് ഉന്നതസ്ഥാനമാണ് ഹിന്ദു ആചാരങ്ങളിൽ. അയ്യപ്പന്റെ നൂറുകണക്കിനു ക്ഷേത്രങ്ങളിൽ ലിംഗ ഭേദമില്ലാതെ കയറുമ്പോൾ നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിലുള്ള ശബരിമലയിൽ മാത്രമാണ് നിയന്ത്രണം. വിശ്വാസത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ നവംബർ 12 വരെ നടക്കുന്ന സമരങ്ങളിൽ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഹിന്ദിയിലുള്ള അമിത് ഷായുടെ പ്രസംഗം വി. മുരളീധരൻ എം.പി പരിഭാഷപ്പെടുത്തി.