amit-sha-kerala-visit-

കണ്ണൂർ : ശബരിമലയിലെ വിശ്വാസ സമരം ബി.ജെ.പി ദേശീയ നേതൃത്വം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയതിനൊപ്പം അയ്യപ്പഭക്തന്മാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മുന്നറിയിപ്പ് നൽകി.

കണ്ണൂരിൽ ശരണംവിളിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ജില്ലാകമ്മിറ്റി ഒാഫീസായ മാരാർജി മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഇടതു സർക്കാരിനെ ഷാ നിശിതമായി വിമർശിച്ചത്.

അയ്യപ്പ ഭക്തരെ അടിച്ചമർത്തുന്നത് തീക്കളിയാണ്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ. ആയിരക്കണക്കിന് ഭക്തരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. ഇവർ ആരുടെ മുതലാണ് നശിപ്പിച്ചത്? ജെല്ലിക്കെട്ട്, മുസ്ളിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം, വാരണാസി, സുന്നി-ഷിയാ തർക്കം തുടങ്ങിയ വിഷയങ്ങളിലെ പല കോടതിവിധികളും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇൗ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ സർക്കാർ അനാവശ്യ ധൃതി കാട്ടുകയാണ്.

ഇതിന്റെ നൂറിലൊരംശമെങ്കിലും പ്രയത്നം പ്രളയ ബാധിതരെ രക്ഷിക്കാൻ കാട്ടിയിരുന്നോ? ബഹു ഭാര്യാത്വം, വിധവാ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ ഹിന്ദുക്കൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. രാജ്യത്ത് വൈവിദ്ധ്യങ്ങളായ ആചാരങ്ങളാണ് ഉള്ളത്. പുരുഷൻമാരെ കയറ്റാത്ത ക്ഷേത്രങ്ങളുമുണ്ട്. അതിനാൽ സ്ത്രീ-പുരുഷ തുല്യത നടപ്പാക്കാനെന്ന വാദം നിലനിൽക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം.നടപ്പാക്കാൻ സാധിക്കുന്ന വിധികൾ മാത്രം പുറപ്പെടുവിക്കാൻ കോടതികൾ ശ്രദ്ധിക്കണമെന്നും അമിത് ഷാ പറഞ്ഞു.

പതിന്നാലാം വകുപ്പ് ചൂണ്ടിക്കാട്ടി ഇങ്ങനെയൊരു വിധി പറയുമ്പോൾ ഏതു മതത്തിലും വിശ്വസിക്കാനുള്ള 25, 26 വകുപ്പുകളാണ് ലംഘിക്കപ്പെട്ടത്. സ്ത്രീകൾക്ക് ഉന്നതസ്ഥാനമാണ് ഹിന്ദു ആചാരങ്ങളിൽ. അയ്യപ്പന്റെ നൂറുകണക്കിനു ക്ഷേത്രങ്ങളിൽ ലിംഗ ഭേദമില്ലാതെ കയറുമ്പോൾ നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിലുള്ള ശബരിമലയിൽ മാത്രമാണ് നിയന്ത്രണം. വിശ്വാസത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ നവംബർ 12 വരെ നടക്കുന്ന സമരങ്ങളിൽ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഹിന്ദിയിലുള്ള അമിത് ഷായുടെ പ്രസംഗം വി. മുരളീധരൻ എം.പി പരിഭാഷപ്പെടുത്തി.

ബി.ജെ.പിയുടെ ഒൗദാര്യത്തിലല്ല ഇൗ സർക്കാർ വന്നത് : പിണറായി

തിരുവനന്തപുരം: സർക്കാരിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത്ഷാ, ഇടതു സർക്കാർ അധികാരത്തിൽ വന്നത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, ജനങ്ങളുടെ വിധിതീർപ്പിലൂടെയാണെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനവിധി അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ നൽകിയത്. പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പിലാക്കുന്നതിന്റെയും, മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി സംബന്ധിച്ച് ഷാ നടത്തിയ പ്രസ്താവന സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ്.

നടപ്പാക്കാനാവുന്ന വിധി മാത്രം പറഞ്ഞാൽ മതി കോടതിയെന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന സന്ദേശമാണ് നൽകുന്നത്.

സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടതെന്ന വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിറുത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന പഴയ മനുസ്മൃതി വാദത്തിൽ തന്നെയാണ് സംഘപരിവാർ ഇപ്പോഴും നില്‍ക്കുന്നത് .