വിതുര: തൊളിക്കോട് വില്ലേജ് ഒാഫീസിനായി പുതുതായി പണിത മന്ദിരത്തിന്റെ ഉദ്ഘാടനം 30ന് നടക്കും. തൊളിക്കോട് വില്ലേജാഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്നു. മഴയത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പരമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് പ്രവർത്തനം. ഫയലുകൾ മുഴുവൻ മഴയത്ത് നനഞ്ഞ് കുതിരും. ചെറിയ രണ്ടു മുറികളിലാണ് പ്രവർത്തനം. വേണ്ടത്ര ഫർണീച്ചറുകൾ ഇല്ല. സ്ഥലപരിമിതിമൂലം കാര്യസാദ്ധ്യത്തിനെത്തുന്നവരും ഉദ്യോഗസ്ഥരും തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്യും. ഒാട് പാകി തട്ട് അടിച്ച കെട്ടിടത്തിൽ മരപ്പട്ടികളും ചേക്കേറിയിട്ടുണ്ട്. മരപ്പട്ടികളുടെ വിസർജ്യം കാരണം ദുർഗന്ധവും പതിവാണ്. വില്ലോജാഫീസിന്റെ ശോച്യവസ്ഥചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്തകൾ നൽകിയിട്ടുണ്ട്. ഒടുവിൽ പുതിയ മന്ദിരം നിർമ്മിക്കുവാൻ ഫണ്ട് അനുവദിക്കുകയായിരുന്നു. പഴയ വില്ലേജ് ഒാഫീസ് കെട്ടിടം രാത്രിയിൽ സാമൂഹികവിരുദ്ധരുടെ താവളമായിട്ട് മാസങ്ങളേറയായി.സന്ധ്യ മയങ്ങുന്നതോടെ ഇവിടെ കയറിക്കൂടുന്ന സാമൂഹികവിരുദ്ധർ കാട്ടിക്കൂട്ടുന്ന വിക്രീയകൾ വിവരണാതീതമാണ്. മദ്യപിച്ച ശേഷം കുപ്പികൾ എറിഞ്ഞുടക്കുക, ഒാഫീസും പരിസരവും വൃത്തിഹീനമാക്കുക തുടങ്ങിയ വിക്രീയകൾ പതിവായിരുന്നു. രാവിലെ ജീവനക്കാർ എത്തി മാലിന്യങ്ങൾ നീക്കം ചെയ്തശേഷം ഡ്യൂട്ടിക്ക് കയറേണ്ട സ്ഥിതിയായിരുന്നു. വില്ലേജ് ഒാഫീസർ രണ്ട് തവണ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു.
വില്ലേജ് ഒാഫീസിനായി പുതിയ കെട്ടിടം നിർമ്മിച്ചിട്ട് ആറ് മാസമാകുന്നു.പക്ഷേ ഉദ്ഘാടനം ഉദ്ഘാടനം അനിശ്ചിതമായി നീളുകയായിരുന്നു. നിലവിലുള്ള പഴയകെട്ടിടത്തിന്റെ സ്ഥിതി പരിതാപകരമാണ്. മഴ പെയ്താൽ ഒാഫീസിനകത്ത് കുടപിടിക്കേണ്ട അവസ്ഥയാണ്. മാത്രമല്ല മരപ്പട്ടികളുടെ വിസർജ്യം കോരി മാറ്റിയശേഷമാണ് ഒാഫീസ് പ്രവർത്തിപ്പിക്കുന്നത്. ദുർഗന്ധം നിമിത്തം ഒാഫീസിനകത്ത് ഇരിക്കുവാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പുതിയ കെട്ടിടം ഉദ്ഘാടനം നടത്താതെ ജനത്തെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്പീക്കർ ജി. കാർത്തികേയനാണ് ആസ്തിവികസന ഫണ്ടിൽ നിന്നും പുതിയ വില്ലേജ് ഒാഫീസ് നിർമ്മിക്കുന്നതിനായി 22 ലക്ഷം രൂപ അനുവദിച്ചത്
ഉദ്ഘാടനം ചൊവ്വാഴ്ച
പുതുതായി നിർമ്മിച്ച വില്ലേജ് ഒാഫീസിൻെറ ഉദ്ഘാടനം 30ന് വൈകിട്ട് പുളിമൂട് ജംഗ്ഷനിൽ കൂടുന്ന സമ്മേളനത്തിൽ റവന്യൂ, ഭവനനിർമ്മാണവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. കെ.എസ്. ശബരിനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ.എ.സമ്പത്ത് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടർ ഡോ.കെ. വാസുകി സ്വാഗതം ആശംസിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ്, ജില്ലാപഞ്ചായത്തംഗം ആനാട്ജയൻ, ബ്ലോക്ക്പഞ്ചായത്തംഗം തോട്ടുമുക്ക്അൻസർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആ.സി. വിജയൻ, എന്നിവുരം വിവിധരാഷ്ട്രീയ, സാമൂഹിക, സാംസ്കാരികകക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.