വർക്കല: ശിവഗിരിയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിനെ ജില്ലാകളക്ടർ കെ.വാസുകി ഗ്രീൻകാമ്പസായി പ്രഖ്യാപിച്ചു. കാമ്പസുകൾ പ്രകൃതിസൗഹൃദമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായവും കളക്ടർ ഉറപ്പ് നൽകി. കാമ്പസിനുള്ളിൽ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് ഉൾപ്പടെ ഒരുതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന അജൈവവസ്തുക്കൾ എന്നിവയ്ക്ക് നിയന്ത്റണമുണ്ടാകും. ഉച്ചഭക്ഷണം പൊതിച്ചോറിനു പകരം പാത്രങ്ങളിലാകും കൊണ്ടുവരിക. വർക്കല നഗരസഭ ബീക്കൺ പ്രോജക്ടിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാരത്തൺ കളക്ടർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എസ്.അനിജോയുടെ അദ്ധ്യക്ഷതയിൽ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺമാരായ ലതികസത്യൻ, ഗീതാഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് പ്രിൻസിപ്പൽ എം. സിറാജുദ്ദീൻ സ്വാഗതം പറഞ്ഞു. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നു ആരംഭിച്ച മാരത്തൺ ശിവഗിരിയിൽ സമാപിച്ചു. ജില്ലാകളക്ടർ, കൗൺസിലർമാർ, ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. മാരത്തണിന്റെ ഭാഗമായി മട്ട് ജംഗ്ഷൻ മുതൽ ശിവഗിരിവരെ റോഡിന്റെ ഇരു വശങ്ങളിൽ നിന്നു അജൈവ മാലിന്യങ്ങൾ കളക്ടറും വിദ്യാർത്ഥികളും ചേർന്ന് ശേഖരിക്കുകയും അവ തരംതിരിച്ച് നഗരസഭ ബീക്കൺ പ്രോജക്ടിന് കൈമാറുകയും ചെയ്തു.