ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റ് വരുമാനം കുറയുന്ന സർവീസുകളുടെ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കൗൺസിലിംഗിന് വിധേയമാക്കുന്നു. മന:പൂർവം വരുമാനം കുറയ്ക്കുന്നവരെയും കുറഞ്ഞ വരുമാനവുമായി എത്തുന്നവരെയുമാണ് കൗൺസിലിംഗിന് വിധേയമാക്കുക. ഒരു ബാച്ചിന് ഇതിനകം കൗൺസിലിംഗ് നടത്തി. അടുത്ത ബാച്ചിന്റേത് പുരോഗമിക്കുകയാണ്. ഒരാഴ്ച മുൻപാണ് ജീവനക്കാരെ കൗൺസിലിംഗിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റ് ഒാഫീസർമാർക്ക് ഒാപ്പറേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശം നൽകിയത്.

രണ്ട് ഘട്ടങ്ങളിലായാണ് കൗൺസിലിംഗ്. ജീവനക്കാരെ ആദ്യം യൂണിറ്റ് ഒാഫീസറിന്റെ നേതൃത്വത്തിലാണ് കൗൺസിലിംഗ് നടത്തുക. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഒാഫീസർ, ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഒാഫീസർ എന്നിവരും ടീമിലുണ്ടാകും. വരുമാനം കുറഞ്ഞതിന്റെ കാരണങ്ങൾ അന്വേഷിച്ച് പരിഹാര നിർദേശമാണ് ഇവിടെ നടക്കുക. എന്നിട്ടും പുരോഗതി ഉണ്ടാവുന്നില്ലെങ്കിൽ ജീവനക്കാരെ മേഖലാ തലത്തിലുള്ള കൗൺസിലിംഗിന് അയക്കും. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര സബ് ജയിലിന് സമീപത്തുള്ള കെ.എസ്.ആർ.ടി.സിയുടെ സ്റ്റാഫ് ട്രെയിനിംഗ് സെന്ററിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് മേഖലാ തലത്തിൽ നൽകുന്നത്. 40 പേരടങ്ങുന്നതാണ് ഒാരോ ബാച്ചും. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പരിശീലനം നീണ്ടുനിൽക്കും. ഡ്രൈവറുടെയും കണ്ടക്ടറുടെയും ജോലിയുടെ ബാലപാഠങ്ങളാണ് ഇവിടെ പഠിപ്പിക്കുക. കൂടാതെ വരുമാനം കൂട്ടാനുള്ള നിർദ്ദേശങ്ങളും നൽകും.

ജീവനക്കാരുടെ പരാതി

പല ഡിപ്പോകളിലും ഒരേ ഷെഡ്യൂളിൽതന്നെ വിവിധ ജീവനക്കാർ സർവീസ് പോവുന്ന സമയത്ത് വരുമാനത്തെ ബാധിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ ബസുകളും സമാന്തര വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളുടെ മുൻപിലും പിന്നിലും ആയി സർവീസ് നടത്താറുണ്ട്. വരുമാനം കുറയാൻ ഇതുമൊരു കാരണമാണ്. എന്നാൽ ഇതൊന്നും അധികൃതർ പരിഗണിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.