raj

തിരുവനന്തപുരം: ''അല്പം കഴിഞ്ഞെങ്കിൽ ഇതൊരു അരക്കില്ലമായി മാറിയേനേ. തക്കസമയത്ത് വിവരമറിഞ്ഞ് തീ കെടുത്തിയതിനാൽ സ്വാമി രക്ഷപ്പെട്ടു''- ആശ്രമത്തിൽ തീ പടരുന്നതറിഞ്ഞ് പിൻവാതിലിലൂടെയെത്തി സ്വാമി സന്ദീപാനന്ദ ഗിരിയെ വിളിച്ചുണർത്തിയ ബംഗളൂരു സ്വദേശി രാജമ്മയുടെ കണ്ണിൽ ആ കാഴ്ചകൾ മായുന്നില്ല. ആശ്രമത്തിന്റെ പിന്നിലുള്ള ഔട്ട്‌ഹൗസിൽ വാടകയ്ക്ക് താമസിക്കുകയാണ് രാജമ്മയും മകൾ സി.എ വിദ്യാർത്ഥിനി അനുഷയും. മകളുടെ പഠനാർത്ഥമാണ് ഇവിടെയെത്തിയത്.

''പുലർച്ചെ 2.35 ആയിക്കാണും. വെടിപൊട്ടും പോലെ ശബ്ദം കേട്ടു. ക്ഷേത്രത്തിൽ നാലു മണിക്കല്ലേ വെടി പൊട്ടിക്കൂ എന്ന് ആലോചിച്ചിരിക്കുമ്പോൾ, ആശ്രമത്തിന്റെ മുന്നിൽ തീ ആളിക്കത്തുന്നെന്ന് അയൽവാസിയായ ബീനയുടെ ഫോൺ വിളിയെത്തി. വന്നു നോക്കിയപ്പോൾ രണ്ട് കാറുകൾ കത്തുകയാണ്. സ്വാമിയുടെ മുറിയിൽ തട്ടിവിളിച്ച് വിവരം പറഞ്ഞു. ആശ്രമത്തിന്റെ രണ്ടാം നിലയിലേക്ക് തീ പടർന്നു തുടങ്ങിയിരുന്നു. വൈകാതെ ഫയർഫോഴ്സെത്തി തീകെടുത്തി. ആരും ഓടിപ്പോയത് കണ്ടില്ല ''- രാജമ്മ പറഞ്ഞു. സ്വാമിയെക്കൂടാതെ 82 വയസുള്ള ക്ലാര എന്ന സ്ത്രീയും ആശ്രമത്തിലുണ്ടായിരുന്നു.