തിരുവനന്തപുരം: വിധിയെ പഴിക്കാതെ ജീവിതം തള്ളി നീക്കവേ ഓഖിയും താണ്ഡവമാടിയതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് ഒരു ഒരു കുടുംബം. തിരുവല്ലം മുട്ടളക്കുഴി മേനിലം ആരാധനാ ഭവനിൽ ശിവപ്രസാദും കുടുംബവുമാണ് സുമനസുകളുടെ കനിവു തേടുന്നത്. വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന ശിവപ്രസാദിന് മസ്തിഷ്ക രോഗമാണ്. ഭാര്യ രാജേശ്വരിക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയാണ്. ഏക മകനായ വൈശാഖിനെ ഹൃദ്‌രോഗം വേട്ടയാടുകയാണ്. ഇതിനിടെയാണ് ഒരു വർഷം മുമ്പ് ഓഖി ചുഴലിക്കാറ്റിന്റെ ക്രൂരത. കുന്നും പുറത്തിരിക്കുന്ന മൂന്നുസെന്റ് വീട് നിലം പൊത്താതിരിക്കാൻ കടം നിർമ്മിച്ച വീടിന്റെ ചുറ്റു മതിൽ താഴേക്ക് പതിച്ചു. കഷ്ടിച്ചാണ് കുടുംബം രക്ഷപ്പെട്ടത്. ഭിത്തി പുനർനിർമ്മിച്ചില്ലെങ്കിൽ വീട് ഏത് നിമിഷവും താഴേത്ത് വീഴാം എന്ന നിലയിലാണ്. ഭിത്തി പുനർനിർമ്മിക്കാൻ സർക്കാരിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും സഹായിക്കാൻ വ്യവസ്ഥയില്ലെന്നും ഏതെങ്കിലുമൊരു സ്പോൺസറെ സ്വയം കണ്ടെത്തി മതിൽ പുനർനിർമ്മിക്കാനുമാണ് അധികൃതർ പറഞ്ഞത്. ശിവപ്രസാദ് മസ്‌തിഷ്‌ക രോഗത്തെത്തുടർന്ന് അവശനായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ചെറിയ ജോലികൾ ചെയ്‌ത് കുടുംബം പോറ്റാൻ രാജേശ്വരി ശ്രമിച്ചെങ്കിലും തീവ്രമായ നേത്രരോഗത്തിന്റെ രൂപത്തിൽ വിധി വീണ്ടും പരീക്ഷിച്ചു. ഓപ്പം മകന് ഹൃദ്രോഗവും ബാധിച്ചതോടെ കുടുംബം ആകെ തളർന്നു. വർഷങ്ങളായി ശിവപ്രസാദും മകനും ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. അസുഖം ബാധിച്ചതിനാൽ നിത്യവൃത്തിക്കുപോലും പണം കണ്ടെത്താൻ കഴിയാത്ത ഈ കുടുംബം കനിവു വറ്റാത്ത സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്. ധനസഹായം നൽകാൻ താത്പര്യമുള്ളവർക്ക് ആർ.രാജേശ്വരിയുടെ അക്കൗണ്ടിലേക്ക് സഹായം എത്തിക്കാം. അക്കൗണ്ട് നമ്പർ - 57007870179. ഐ.എഫ്.എസ്.സി കോഡ്: SBIN0070024.ഫോൺ: 9048310180